പത്തനംതിട്ട : കളക്ടറേറ്റ് വരാന്തയിൽ വലിച്ചു കെട്ടിയ വെള്ളത്തുണിയിൽ മനോഹര പൂച്ചെടി ചിത്രം ജില്ലാ കളക്ടർ എസ്. പ്രേം കൃഷ്ണൻ വരച്ചിട്ടപ്പോൾ ജീവനക്കാരുടെ നിറഞ്ഞ കൈയടി. സ്വച്ഛതാ ഹി സേവയുടെ ഭാഗമായി കളക്ടറേറ്റിൽ പത്തനംതിട്ട നഗരസഭ സംഘടിപ്പിച്ച ചിത്രരചന ക്യാമ്പയിനിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു ജില്ലാ കളക്ടറുടെ കരവിരുത്. മാത്യു ടി. തോമസ് എം.എൽ.എ, എ.ഡി.എം ബി. ജ്യോതി, ദുരന്തനിവാരണം ഡെപ്യൂട്ടി കളക്ടർ ആർ. രാജലക്ഷ്മി, സംവിധായകൻ ഡോ.ബിജു, എ.എസ് നൈസാം, എ. മുംതാസ്, തിരുവല്ല കെ. ദീപേഷ്, ജി. അരുൺ, എം.പി വിനോദ്, ഉദ്യോഗസ്ഥർ എന്നിവർ ചിത്രചനയിൽ പങ്കാളികളായി. രാവിലെ ആരംഭിച്ച ക്യാമ്പയിൻ വൈകിട്ട് പൂർത്തിയാകുമ്പോൾ 15 മീറ്റർ നീളമുള്ള ബാനറിൽ തെളിഞ്ഞത് വൈവിദ്ധ്യമാർന്ന ചിത്രങ്ങൾ. കളക്ടറേറ്റിലെ വിവിധ ഓഫീസുകൾ സന്ദർശിച്ച് നഗരസഭയുടെ നേതൃത്വത്തിൽ ശുചിത്വ ബോധവത്കരണം നടത്തി. ശുചിത്വവുമായി ബന്ധപ്പെട്ട് ജീവനക്കാർക്കായി പ്രശ്‌നോത്തരിയും സംഘടിപ്പിച്ചു. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വിവിധ ശുചിത്വ പ്രവർത്തനങ്ങളാണ് ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ചത്. മാലിന്യ നിക്ഷേപ കേന്ദ്രം, പൊതുസ്ഥലങ്ങൾ, ഓഫീസുകൾ എന്നിവിടങ്ങളിലെ ശുചീകരണം പരോഗമിക്കുന്നു. മെഡിക്കൽ ക്യാമ്പുകൾ, ബോധവത്കരണം എന്നിവയും സംഘടിപ്പിച്ചു.