minister
നെടുമ്പ്രം പഞ്ചായത്തിലെ നവീകരിച്ച കോൺഫറൻസ് ഹാളിന്റെ ഉദ്ഘാടനം മന്ത്രി എം.ബി.രാജേഷ് നിർവ്വഹിക്കുന്നു

തിരുവല്ല : തദ്ദേശസ്‌ഥാപനങ്ങളിൽ നിന്ന് ലഭിക്കുന്ന ലൈസൻസുകളുടെ കാലാവധി ഇനി ഒരു വർഷമാക്കുമെന്ന് മന്ത്രി എം.ബി. രാജഷ് പറഞ്ഞു. നെടുമ്പ്രം പഞ്ചായത്തിലെ നവീകരിച്ച കോൺഫറൻസ് ഹാൾ, കുട്ടികളുടെ പാർക്ക്, വയോജനക്ലബ് എന്നിവ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തു കെട്ടിടനിർമ്മാണ ചട്ട ഭേദഗതി ഉടൻ പ്രാബല്യത്തിൽ വരുന്നതോടെ വീടുകൾ സംരഭക കേന്ദ്രങ്ങളായി മാറും. കേരളത്തിൽ 18ലക്ഷം വീടുകൾ ഒഴിഞ്ഞുകിടക്കുന്നുണ്ടെന്നാണു കണക്ക്. ആൾതാമസമുള്ള വീടിന്റെ 50ശതമാനവും ആൾത്താമസമില്ലാത്ത വീടിന്റെ 100ശതമാനവും ഉത്പാദനകേന്ദ്രമാക്കി മാറ്റാൻ കഴിയും. ലൈസൻസ് പുതുക്കൽ സ്വയം സാക്ഷ്യപ്പെടുത്തലിലൂടെ ഓൺലൈനായി ചെയ്യാൻ കഴിയുന്ന സംവിധാനമാണു വരുന്നത്. ഒരുവർഷത്തിൽ 66,682 കെട്ടിടനിർമ്മാണ അപേക്ഷകളിൽ അനുമതി നൽകിയത് 30 സെക്കൻഡിൽ താഴെ സമയം കൊണ്ടാണ്. 3,269ചതുരശ്ര അടിയിൽ താഴെ വിസ്തീർണ്ണമുള്ള കെട്ടിടത്തിന്റെ അപേക്ഷയും സ്വയം സാക്ഷ്യപ്പെടുത്തിയാൽ മതിയാകും. തദ്ദേശസ്‌ഥാപനങ്ങളിൽ നിന്നു ലഭിക്കേണ്ട പൗരസേവനങ്ങൾക്ക് ഇനി ആരും ഓഫിസിൽ പേകേണ്ടിവരില്ല. 2വർഷത്തിനുള്ളിൽ ഈസംവിധാനം പൂർണമായി നടപ്പാകുമെന്നും അദ്ദേഹം പറഞ്ഞു. മാത്യു ടി.തോമസ് എം.എൽ.എ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.പ്രസന്നകുമാരി, ജില്ലാപഞ്ചായത്തംഗം മായ അനിൽകുമാർ, ബ്ലോക്ക് പഞ്ചായത്തംഗം ബിനിൽകുമാർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൈലേഷ് മങ്ങാട്ട്, അഡ്വ.ആർ.സനൽകുമാർ, പഞ്ചായത്തംഗങ്ങളായ ഷേർലി ഫിലിപ്പ്, ജെ.പ്രീതിമോൾ, എൻ.എസ്.ഗീരീഷ് കുമാർ, തോമസ് ബേബി, പി.വൈശാഖ്, ശ്യാം ഗോപി, ജിജോ ചെറിയാൻ, ഗ്രേസി അലക്‌സാണ്ടർ, അസി.എക്സിക്യൂട്ടീവ് എൻജിനീയർ അനൂപ് രാജ്, സെക്രട്ടറി എ.ആർ.ശാന്തകുമാർ, പി.എം.അനീർ എന്നിവർ പ്രസംഗിച്ചു.