d

ശബരിമല : ഭൂഗർഭ കേബിളുകൾ വലിക്കുന്നത് അപകടകരമാണെന്ന വൈദ്യുതി ബോർഡിന്റെ നിലപാട് ശബരിമല റോപ് വേ പദ്ധതിക്ക് തടസമാകുന്നു. റോപ് വേയ്ക്കുള്ള അന്തിമ അനുമതി ഒക്ടോബറിൽ ദേശീയ വന്യജീവി ബോർഡിൽ നിന്ന് ലഭിക്കുമെന്നിരിക്കെയാണിത്. . റോപ് വേ തുടങ്ങുന്ന പമ്പാ ഹിൽടോപ്പിൽ നിന്ന് വൈദ്യുതിലൈനുകൾ കടന്നുപോകുന്ന ഒരു ടവർ 50മീറ്റർ ദൂരത്തേക്ക് മാറ്റി ഭൂഗർഭ കേബിൾ ഉപയോഗിച്ച് വൈദ്യുതി എത്തിക്കാനുള്ള ശ്രമത്തിനാണ് ബോർഡ് തടസം നിൽക്കുന്നത്. ദേവസ്വം ബോർഡിന്റെയും സർക്കാരിന്റെയും സ്വപ്നപദ്ധതിക്ക് തടസം സൃഷ്ടിക്കരുതെന്ന് വൈദ്യുതി വകുപ്പ് മന്ത്രി ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ഉന്നത ഉദ്യോഗസ്ഥർ വഴങ്ങുന്നില്ല. കേന്ദ്രത്തിൽ നിന്നുള്ള അഞ്ചംഗ സംഘം പൂജാ അവധിക്കുശേഷം പദ്ധതിപ്രദേശം സന്ദർശിച്ച് അന്തിമ റിപ്പോർട്ട് സമർപ്പിക്കാനിരിക്കുകയാണ്. വനം വകുപ്പിന്റെ തത്വത്തിലുള്ള അംഗീകാരമാണ് ( സ്റ്റേജ് വൺ അനുമതി) ലഭിക്കേണ്ടത്. ഇതിനായി വൈദ്യുതി ബോർഡ് നൽകേണ്ട എൻ.ഒ.സി നിബന്ധനകൾക്ക് വിധേയമായിപ്പോലും നൽകാൻ ബോർഡ് തയ്യാറാകുന്നില്ല.

പമ്പയിൽ നിന്ന് സന്നിധാനത്തേക്കുള്ള ചരക്കുനീക്കം സുഗമമാക്കാനും ആംബുലൻസ് സർവീസിനുമായി 2011ലാണ് റോപ് വേ പദ്ധതിക്ക് തുടക്കം കുറിച്ചത്. ബി.ഒ.ടി അടിസ്ഥാനത്തിൽ നടപ്പിലാക്കാൻ ഉദ്ദേശിച്ച പദ്ധതിക്ക് പകരം ഭൂമി കണ്ടെത്താൻ കഴിയാതിരുന്നതോടെയാണ് നീണ്ടുപോയത്. കൊല്ലം ശെന്തുരുണി വൈൽഡ് ലൈഫ് ഡിവിഷനിലെ കട്ടിളപ്പാറ സെറ്റിൽമെന്റിൽ 4.5336 ഹെക്ടർ റവന്യു ഭൂമി കണ്ടെത്തിയതോടെയാണ് പദ്ധതിക്ക് വീണ്ടും ജീവൻ വച്ചത്.

തർക്കം കേബിളിനെച്ചൊല്ലി

ശബരിമലയിൽ സോളാർ പാനലുകൾ സ്ഥാപിച്ച് വൈദ്യുതി ലഭ്യമാക്കാനുള്ള ശ്രമം നേരത്തെ ദേവസ്വം ബോർഡ് നടത്തിയിരുന്നു. ശബരിമലയിൽ തീർത്ഥാടന കാലത്തിന് ശേഷം അധികമായി ലഭിക്കുന്ന വൈദ്യുതി,​ വൈദ്യുതി വകുപ്പിന് തിരികെ നൽകാനായിരുന്നു പദ്ധതി. എന്നാൽ നിലവിലെ വൈദ്യുതി കമ്പികൾ വഴി സോളാർ വൈദ്യുതി തിരിച്ചെടുക്കാൻ കഴിയില്ലെന്നും പകരം ഭൂഗർഭ വൈദ്യുതി കേബിൾ സ്ഥാപിക്കണമെന്നുമായിരുന്നു നിർദ്ദേശം. ഇതിനായി 50 കോടി രൂപ ചെലവഴിക്കേണ്ടിവരുമെന്ന് കണ്ടതോടെയാണ് ദേവസ്വം ബോർഡ് പദ്ധതിയിൽ നിന്ന് പിൻമാറിയത്. എന്നാൽ റോപ് വേയ്ക്കായി വൈദ്യുതി ടവർ മാറ്റുമ്പോൾ പകരം ഭൂഗർഭ കേബിളുകൾ വലിക്കുന്നത് അപകടകരമാണെന്ന നിലപാടാണ് വൈദ്യുതി വകുപ്പിന്റെ നിലപാട്.

റോപ് വേ


നീളം .2.7 കിലോമീറ്റർ

5 ടവറുകൾ

ചെലവ് 150 മുതൽ 180 കോടി രൂപ വരെ