ചെങ്ങന്നൂർ: ദേശീയപാത 183 ചെങ്ങന്നൂർ മുതൽ കുമളിവരെയുള്ള നവീകരണത്തിന് വിശദ പദ്ധതി റിപ്പോർട്ട് തയാറാക്കാൻ പുതിയ കൺസൾട്ടൻസിയെ നിയോഗിക്കുന്നതിനുള്ള ടെൻഡർ ഒക്‌ടോബർ 17ന് തുറക്കുമെന്ന് ദേശീയപാതാ വിഭാഗം ജില്ലാവികസന സമിതിയോഗത്തെ അറിയിച്ചു. ഡി.പി.ആർ. തയാറക്കുന്നതിനു മുമ്പ് എം.പിമാരുമായും എം.എൽ.എമാരുമായും ചർച്ച നടത്തണമെന്ന് മുൻ ജില്ലാവികസനസമിതി യോഗങ്ങളിൽ ജനപ്രതിനിധികൾ ആവശ്യപ്പെട്ടിരുന്നു. പുതിയ കൺസൾട്ടൻസി വരുമ്പോൾ ഇക്കാര്യം ഉറപ്പാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ദേശീയ പാത അധികൃതർ വ്യക്തമാക്കി. ജില്ലയിൽ ഓടകൾ നിറഞ്ഞു റോഡിൽ വെളളക്കെട്ട് ഉണ്ടാകുന്ന സ്ഥലങ്ങൾ കണ്ടെത്തി അതു പരിഹരിക്കുന്ന രീതിയിൽ റോഡു നിർമ്മാണത്തിന് എസ്റ്റിമേറ്റ് തയാറാക്കണമെന്ന് ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് നിർദേശിച്ചു. 26-ാം മൈൽ പാലത്തിന്റെ നിർമ്മാണത്തിനായി സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട തടസങ്ങൾ ഒഴിവാക്കാനും പ്രദേശവാസികൾക്കും കച്ചവടക്കാർക്കുമുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കാനും ഡിസൈൻ പുതുക്കണമെന്ന ഡോ.എൻ. ജയരാജിന്റെ നിർദേശം പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്ത് വിഭാഗം അറിയിച്ചു.