തിരുവല്ല : മനോഹരമായി ബഹുനിലകളിൽ നിർമ്മിച്ചിട്ടുള്ള തിരുവല്ല കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെ വെള്ളക്കെട്ട് ദുരിതമായി. ബസ് സ്റ്റേഷൻ യാർഡിലെ കുഴികളും മഴപെയ്താൽ രൂപപ്പെടുന്ന വെള്ളക്കെട്ടും കെ.എസ്.ആർ.ടി.സിക്കും കെ.ടി.ഡി.എഫ്.സിക്കും നാണക്കേടായിരിക്കുകയാണ്. ജില്ലയിലെ നല്ല വരുമാനമുള്ള ഡിപ്പോകളിൽ ഒന്നായ തിരുവല്ല ബസ് സ്റ്റേഷനിൽ എത്തുന്ന യാത്രക്കാർക്കാണ് ദുരിതം. എം.സി റോഡിലൂടെ വരുന്നവ ഉൾപ്പെടെ 300ലധികം ബസുകൾ ദിവസവും സ്റ്റേഷനിലൂടെ കയറിയിറങ്ങി പോകുന്നുണ്ട്. മഴവെള്ളം സ്റ്റേഷൻ യാർഡിലെ കുഴികളിൽ കെട്ടിക്കിടക്കുന്നത് മൂലം യാത്രക്കാർക്കും ജീവനക്കാർക്കും കടയുടമകൾക്കുമെല്ലാം ഒരുപോലെ ബുദ്ധിമുട്ടായിരിക്കുകയാണ്. സ്റ്റേഷനിൽ എത്തുന്ന ബസുകൾ വെള്ളക്കെട്ടിലൂടെ പോകുമ്പോൾ യാത്രക്കാരുടെ മേൽ ചെളിവെള്ളം തെറിച്ചു വീഴുന്നതും പതിവാണ്.
ഇന്റർലോക്ക് കട്ടകൾ ഇളകി, നടുവൊടിഞ്ഞ് യാത്രക്കാർ
സ്റ്റേഷൻ യാർഡിലെ കോൺക്രീറ്റിന് മുകളിൽ നിരത്തിയിട്ടുള്ള ഇന്റർലോക്ക് കട്ടകൾ ഇളകിക്കിടക്കുന്നതാണ് കുഴികളും വെള്ളക്കെട്ടും രൂപപ്പെടാൻ പ്രധാന കാരണം. ബസുകൾ കുഴിയിലിറങ്ങി പോകുമ്പോൾ യാത്രക്കാരുടെ നടുവിന് ക്ഷതമേൽക്കുന്നു. മാസങ്ങൾക്ക് മുമ്പ് സ്റ്റേഷന്റെ വടക്കുഭാഗത്ത് ഇതേപ്രശ്‌നം ഉണ്ടായിരുന്നു. ഇന്റർലോക്ക് കട്ടകൾ ഇളക്കി സ്ഥാപിച്ചതോടെ ആ ഭാഗത്തെ വെള്ളക്കെട്ട് പ്രശ്‌നം ഒഴിവായി. എന്നാൽ സ്റ്റേഷന്റെ തെക്ക്, പടിഞ്ഞാറ് വശങ്ങളിലെ കുഴികൾ ഇപ്പോഴും തുടരുകയാണ്. മഴ തുടർന്നാൽ വെള്ളക്കെട്ട് പ്രശ്‌നം രൂക്ഷമാകും. ഇന്റർലോക്ക് കട്ടകൾ ഇളക്കിയിട്ട് പ്രശ്‌നം പരിഹരിക്കാൻ അധികൃതരും ശ്രമിക്കുന്നില്ല.
പ്രക്ഷോഭം സംഘടിപ്പിക്കും : ബി.എം.എസ്
തിരുവല്ല : കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ സമുച്ചയത്തിലെ വെള്ളക്കെട്ട് ശാശ്വതമായി പരിഹരിക്കണമെന്നും ഇല്ലായെങ്കിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാനും ബി.എം.എസ് തിരുവല്ല മേഖലാ കമ്മിറ്റി യോഗം തീരുമാനിച്ചു. ബി.എം.എസ് മേഖലാ സെക്രട്ടറി രാജ്പ്രകാശ് വേണാട് ഉദ്ഘാടനം ചെയ്തു. ബി.എം.എസ് മേഖലാ പ്രസിഡന്റ് ടി.എൻ.സുരേന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു. ട്രഷറർ കെ.പി.അനിഴകുമാർ, വൈസ് പ്രസിഡന്റ് അഡ്വ.രാജേഷ് നെടുമ്പ്രം, ജോ.സെക്രട്ടറി പ്രദീപ് ആലന്തുരുത്തി, വൈസ് പ്രസിഡന്റുമാരായ എം.ജി.പ്രേംകുമാർ, അനീഷ് തേവർമല, വി.ആർ.അനിൽ, ജോ.സെക്രട്ടറിമാരായ അഡ്വ.ജീത്തു ജെ.നായർ, രാജി പ്രകാശ് എന്നിവർ പ്രസംഗിച്ചു.
...........................................
300ലധികം ബസുകൾ ദിവസവും സ്റ്റേഷനിലൂടെ കയറിയിറങ്ങി പോകുന്നു