തിരുവല്ല : എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരെ പെരിങ്ങരയിൽ ഫ്ലക്സ് ബോർഡ് സ്ഥാപിച്ചു. പെരിങ്ങര എൻഎസ്എസ് കരയോഗ കെട്ടിടത്തിന്റെ മുന്നിലും സമീപത്തെ കോസ്മോസ് ജംഗ്ഷനിലും പെരിങ്ങര ജംഗ്ഷനിലും ലക്ഷ്മിനാരായണ ക്ഷേത്ര ജംഗ്ഷനിലുമാണ് സേവ് നായർ ഫോറത്തിന്റെ പേരിൽ ബാനറുകൾ പ്രത്യക്ഷപ്പെട്ടത്. ബാഹുബലിയെ പിന്നിൽ നിന്ന് കുത്തുന്ന കട്ടപ്പയുടെ ചിത്രം ഉൾപ്പെടുത്തിയ ബാനറിൽ 'പിന്നിൽ നിന്ന് കാലുവാരിയ പാരമ്പര്യം നല്ല നായർക്കില്ല' എന്നും ശബരിമല അയ്യപ്പസ്വാമിയുടെ ആചാര സംരക്ഷണത്തിന് അണിനിരന്ന ആയിരങ്ങളെ അപമാനിച്ച സമുദായവഞ്ചകൻ എൻ.എസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ രാജിവയ്ക്കുക, കുടുംബ കാര്യത്തിനുവേണ്ടി അയ്യപ്പഭക്തരെ പിന്നിൽനിന്ന് കുത്തി നിരീശ്വരവാദികൾക്ക് പാദസേവ ചെയ്യുന്ന കട്ടപ്പയായി മാറിയ സുകുമാരൻ നായർ സമുദായത്തിന് നാണക്കേട് എന്നീ വരികളാണ് ബാനറുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ജില്ലയിലെ വെട്ടിപ്പുറത്താണ് ആദ്യമായി സുകുമാരൻ നായർക്കെതിരെ പ്രതിഷേധ ബോർഡ് ഉയർന്നത്.