മണക്കാല : ജനശക്തി നഗർ - നെല്ലിമുകൾ റോഡ് തകർന്നിട്ടും അധികൃതർ അനങ്ങാപ്പാറ നയം തുടരുന്നതിൽ പ്രതിഷേധം ശക്തമാകുന്നു. കെ.ഐ.പി കനാൽ സമീപത്തു കൂടി കടന്നു പോകുന്ന റോഡ് നിറയെ കുണ്ടും കുഴിയും ഗർത്തങ്ങളുമായതിനാൽ ഈ റോഡ് വഴി ഇപ്പോൾ ആളുകൾ അധികം സഞ്ചരിക്കാറില്ല. പ്രദേശവാസികൾ ഇത് മൂലം വളരെയധികം ബുദ്ധിമുട്ടുകയാണ്. മണക്കാലയിലെ ജനശക്തി നഗറിൽ നിന്ന് നെല്ലിമുകൾ ഭാഗത്തേക്ക് വളരെ വേഗത്തിൽ എത്താൻ കഴിയുന്ന റോഡ് കൂടിയാണ്. മുൻപ് അടൂർ - ചവറ റോഡിൽ വരുന്ന ആളുകൾ മണക്കാല, ജനശക്തി നഗർ, ശ്രീനാരായണ പുരം, അന്തിച്ചിറ പ്രദേശങ്ങളിലേക്ക് പോകാൻ എളുപ്പവഴിയായി ഉപയോഗിച്ചിരുന്നതും ഈ റോഡാണ്. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ യായിരുന്ന കാലഘട്ടത്തിലാണ് അവസാനമായി ഈ റോഡ് നവീകരിച്ചത്. റോഡിന്റെ സൈഡിൽ മാലിന്യ നിക്ഷേപം വ്യാപകമാകുന്നുണ്ട്. അതു പോലെ റോഡിനു ഇരു വശവും കാട് വളർന്നിരിക്കുകയാണ്.ഏറത്ത് പഞ്ചായത്ത് 17-ാം വാർഡിലാണ് ഈ റോഡ് ഉൾപ്പെടുന്നത്. ഈ റോഡിന്റെ അനുബന്ധ റോഡ് കൂടിയായ ജനശക്തി നഗർ - വെള്ളക്കുളങ്ങര റോഡ് അടുത്തിടെ ടാർ ചെയ്തിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പ് കാലമായതോടെ റോഡ് വികസനം വാർഡിൽ സജീവ ചർച്ചയാകുകയാണ്.