333

ചെങ്ങന്നൂർ: ശബരിമല തീർത്ഥാടകർക്കായി ദേവസ്വം ബോർഡും സംസ്ഥാന സർക്കാരും സംയുക്തമായി ചെങ്ങന്നൂരിൽ ആരംഭിച്ച വിശ്രമകേന്ദ്രത്തിന്റെ നിർമ്മാണം ഇഴയുന്നു. നിർമ്മാണം പൂർത്തിയാക്കാനുള്ള സമയപരിധി കഴിഞ്ഞിട്ടും പണി എങ്ങുമെത്തിയിട്ടില്ല.

2022 ലാണ് പദ്ധതി തുടങ്ങിയത്. 10.48 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

തീർത്ഥാടനകാലത്ത് പ്രതിദിനം 15,000 മുതൽ 20,000 വരെ ഭക്തർ ചെങ്ങന്നൂരിലെത്താറുണ്ട്. അതുകൊണ്ടുതന്നെ വിശ്രമകേന്ദ്രത്തിന്റെ പ്രാധാന്യം ഏറെയാണ്.ചെങ്ങന്നൂർ മഹാദേവക്ഷേത്രത്തിന് സമീപമുള്ള കുന്നത്തുമലയിലെ 45 സെന്റ് സ്ഥലത്ത് മൂന്ന് നിലകളുള്ള കെട്ടിടമാണ് നിർമ്മിക്കുന്നത്. വിശാലമായ സൗകര്യങ്ങളാണ് പദ്ധതിയിലുള്ളത്. താഴത്തെ നിലയിൽ 25 കാറുകൾക്ക് പാർക്കിംഗ് സൗകര്യം. ഒന്നാം നിലയിൽ 300 പേർക്ക് വിശ്രമിക്കാൻ സൗകര്യം. രണ്ടാം നിലയിൽ 350 പേർക്ക് ഒരേ സമയം അന്നദാനംനടത്താൻ കഴിയുന്ന ഭക്ഷണശാല

തുടങ്ങിയവ വിഭാവനം ചെയ്തിട്ടുണ്ട്. ഒരുനിലയുടെ പണി പൂ‌ർത്തിയായി രണ്ടാമത്തെ നിലയുടെ പണി തുടങ്ങിയ നിലയിലാണ് ഇപ്പോൾ കെട്ടിടം.

പൊതുമേഖലാ സ്ഥാപനമായ നാഷണൽ ബിൽഡിംഗ് കൺസ്ട്രക്ഷൻ കോർപ്പറേഷനാണ് നിർമ്മാണച്ചുമതല.

കിഫ്ബി ഫണ്ടിൽ നിന്നുള്ള 116 കോടി രൂപ ഉപയോഗിച്ച് ചെങ്ങന്നൂരിൽ ഉൾപ്പെടെ ആറിടത്താണ് ഇടത്താവളങ്ങൾ നിർമ്മിക്കുന്നത്. ചെങ്ങന്നൂരിൽ ഒഴികെ മറ്റെല്ലായിടത്തും പണി അവസാനഘട്ടത്തിലാണ്.

പ്രധാന ഇടത്താവളം,​ പക്ഷേ...

ഏറ്റവും കൂടുതൽ തീർത്ഥാടകർ ട്രെയിനിറങ്ങി ശബരിമലയിലേക്ക് പോകുന്നത് ചെങ്ങന്നൂരിൽ നിന്നാണ്. കേരളത്തിൽ നിന്നുള്ളവരും കേരളത്തിന് പുറത്തുള്ളവരും ട്രെയിൻമാർഗം ഇവിടെ എത്തുന്നുണ്ട്. അതുകൊണ്ടുതന്നെ തീർത്ഥാടനകാലത്ത് തിരക്കേറും. പൊതുവേ തിരക്കുള്ള റെയിൽവേ സ്റ്റേഷൻ പരിസരം ഇൗ നാളുകളിൽ കൂടുതൽ തിരക്കിലാകും. പക്ഷേ തീർത്ഥാടകർക്ക് ആവശ്യമായ സൗകര്യങ്ങൾ കുറവാണ്. തീർത്ഥാടകർക്ക് വിശ്രമിക്കാനുള്ള സ്ഥല സൗകര്യം കുറവാണെന്നതാണ് പ്രധാന പ്രശ്നം.

ചെലവ് 10.48 കോടി

2022ൽ തുടങ്ങിയ പദ്ധതി

---------------------

കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നുണ്ട്

മന്ത്രി സജി ചെറിയാൻ

വിശ്രമകേന്ദ്രത്തിന്റെ നിർമ്മാണം എത്രയും പെട്ടെന്ന് പൂർത്തിയാക്കണം.

കെ ഷിബുരാജൻ (നഗരസഭ വൈസ് ചെയർമാൻ)