വള്ളിക്കോട് : വള്ളിക്കോട് കുടിവെള്ള പദ്ധതിയുടെ പമ്പിംഗ് സ്റ്റേഷനിലേക്ക് അമിതമായി ഒഴുകിയെത്തുന്ന കലക്ക വെള്ളവും ചെളിയും നിയന്ത്രിക്കാൻ നടപടിയായി. മകര കൃഷിക്ക് വേണ്ടി ഉഴുത് മറിച്ചിട്ട പാടശേരങ്ങളിലെ കലക്ക വെള്ളം വലിയ തോട്ടിലേക്ക് ഒഴുകിയെത്തിയതായിരുന്നു പ്രതിസന്ധിക്ക് കാരണം. ഇത് ചൂണ്ടിക്കാട്ടി കേരള കൗമുദി കഴിഞ്ഞ ദിവസം വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതേ തുടർന്നാണ് ഗ്രാമപഞ്ചായത്തിന്റെയും പാടശേഖര സമിതിയുടെയും നേതൃത്വത്തിൽ വരമ്പുകൾ ഉയർത്തിയതും തുടയണ നിർമ്മിച്ചും കലച്ചവെള്ളവും ചെളിയും നിയന്ത്രിക്കാൻ നടപടി സ്വീകരിച്ചത്. ഇന്നലെ മുതൽ ജല അതോറിറ്റിയുടെ പൈപ്പ് ലൈനുകളിലൂടെ തെളിഞ്ഞ വെള്ളം എത്തി തുടങ്ങി. കഴിഞ്ഞ ഒരാഴ്ചയായി കലക്കവെള്ളവും ചെളിയും മൂലം വള്ളിക്കോട് കുടിവെള്ള പദ്ധതിയുടെ ശുദ്ധജല വിതരണം പ്രതിസന്ധിയിലായിരുന്നു. വാട്ടർ അതോറിറ്റിയുടെ വള്ളിക്കോട് ഇൻടേക്ക് പമ്പ് ഹൗസിന്റെ സമീപത്തുടുകൂടി കടന്നു പോകുന്ന വലിയ തോട്ടിൽ നിന്നാണ് അമിതമായി കലക്കവെള്ളം പമ്പ് ഹൗസിലേക്ക് എത്തിയിരുന്നത്. ചെമ്പതപാലത്തിന് സമീപമുള്ള പാടശേഖരങ്ങളിൽ നെൽ കൃഷിക്കായി വയൽ ഉഴുതുമറിച്ചിരുന്നു. മഴ പെയ്തതോടെ ഇവിടെ നിന്നുമാണ് അമിതമായി കലക്കവെള്ളവും ചെളിയും പമ്പിംഗ് സ്റ്റേഷനിലേക്ക് എത്തിയത്. ഈ ജലമാണ് വള്ളിക്കോട് ഇൻടേക്ക് പമ്പ് ഹൗസിൽ നിന്നും ശുദ്ധീകരണത്തിനായി പ്ലാന്റിലേക്ക് എത്തിച്ചിരുന്നത്. അമിതമായ കലക്കലും ചെളിയും കാരണം ഫിൽറ്ററുകൾ അടയുകയും, പുനക്രമീകരിക്കുന്നതിന് കൂടുതൽ ജലം ആവശ്യമായി വരികയും ശുദ്ധജല വിതരണം പ്രതിസന്ധിയിലാവുകയും ചെയ്തിരുന്നു. അച്ചൻകോവിലാറ്റിലെ താഴൂർ കടവിലാണ് വള്ളിക്കോട്, കൊടുമൺ ഗ്രാമപഞ്ചായത്തുകളിലേക്ക് ശുദ്ധജലം എത്തിക്കുന്ന ജല അതോറിറ്റിയുടെ കുടിവെള്ള പദ്ധതി സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നും വള്ളം പമ്പ് ചെയ്താണ്പനയംപാറയിലെ ട്രീറ്റ്മെന്റ് പ്ളാന്റിൽ എത്തിച്ച് ശുദ്ധീകരിച്ച ശേഷമാണ് വിതരണം ചെയ്യുന്നത്.