30-vaipure-market-1
സ്വകാര്യ വ്യക്തി കയ്യേറിയതായി ആക്ഷേപിക്കുന്ന വായ്പ്പൂര് ചന്തകടവ്

മല്ലപ്പള്ളി: നൂറിൽ അധികം വർഷം പഴക്കമുള്ള വായ്പ്പൂര് ചന്തക്കടവ് സ്വകാര്യ വ്യക്തി കൈയേറിയതായി ആക്ഷേപം.ഇവിടെ വിവിധ തരത്തിലുള്ള നിർമ്മാണ പ്രവർത്തനങ്ങളും സ്വകാര്യ വ്യക്തി തുടങ്ങിയിരിക്കുകയാണ്. ആറ്റുക്കടവിനോട് ചേർന്നുള്ള സ്റ്റെപ്പും കടവിന്റെ കാലപ്പഴക്കം നിർണയിക്കുന്ന ബോർഡ് ഉൾപ്പെടെ ഇപ്പോൾ അടച്ചു കെട്ടിയിരിക്കുകയാണ്. വായ്പ്പൂരിന്റെ വികസനത്തിന് അനിവാര്യമായതും കോട്ടാങ്ങൽ പഞ്ചായത്തിന്റെ ഹൃദയ ഭാഗത്തുമാണ് ഇത്തരത്തിലുള്ള കൈയേറ്റങ്ങൾ നടന്നിരിക്കുന്നത്. കൈയേറ്റം സംബന്ധിച്ച് പഞ്ചായത്തോ റവന്യു വിഭാഗമോ ഇറിഗേഷൻ വകുപ്പോ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. ഇ.കെ നായനാർ മുഖ്യമന്ത്രി ആയിരുന്ന കാലത്ത് അന്നത്തെ കല്ലൂപ്പാറ എം.എൽ.എ ആയിരുന്ന ടി .എസ് ജോൺ ഈ കടവിൽ പാലത്തിനുള്ള തുകയും അനുവദിച്ചിരുന്നു. എന്നാൽ തൽപ്പരകക്ഷികൾ അത് ഇല്ലാതാക്കിയെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു.

വള്ളംകടത്തുനിന്നു,​ ചുറ്റിക്കറങ്ങി പ്രദേശവാസികൾ

ആദ്യ കാലങ്ങളിൽ 100വള്ളങ്ങൾ അടുത്തിരുന്ന കടവാണിത്. കടത്തുവള്ളം ഇവിടെ സജീവമായിരുന്നു. കടത്തു നിന്നതോടെ കടവിന് അക്കര കരയിലുള്ളവർ ചുറ്റിക്കറങ്ങി കുളത്തൂർ മൂഴി പാലം വഴി വേണം ഇക്കരെ എത്താൻ. ഇത് വ്യാപാരികളുടെ കച്ചവടത്തേയും ബാധിച്ചിട്ടുണ്ട്. എന്നാൽ ഇങ്ങനെയുള്ള ഈ കടവ് ഇന്ന് കൈയേറ്റത്തിന്റെ പിടിയിലും മാലിന്യക്കൂമ്പാരത്തിന്റെ കലവറയായി മാറിയിരിക്കുകയാണ്.

....................................................

അധികൃതർ ഇടപ്പെട്ട് ഇവിടുത്തെ കൈയേറ്റം ഒഴിപ്പിക്കുകയും മാലിന്യം ഇടുന്നത് തടയും വേണം.

(നാട്ടുകാർ)​