t

അച്ഛനും രണ്ടു പെൺമക്കളും കലാരംഗത്ത് സജീവം

കൊല്ലം: കടയ്ക്കൽ ആനപ്പാറ എസ്.എസ് മന്ദിരത്തിൽ മൂന്നുതരം കലാരൂപങ്ങളുണ്ട്; മാജിക്, ചിത്രരചന, നിഴൽ ചിത്ര പ്രദർശനം! അച്ഛൻ ഷാജുവാണ് മജിഷ്യൻ. മൂത്ത മകൾ ഗോപികയ്ക്ക് മാജിക്കിനൊപ്പം നിഴൽച്ചിത്രങ്ങളും വഴങ്ങും. ഇളയ ആൾ മാളവിക റിയലിസ്റ്റിക് ചിത്രരചനയിലെ താരം.

ആയിരക്കണക്കിന് വേദികളിൽ മാജിക്ക് അവതരിപ്പിച്ചിട്ടുള്ള പ്രൊഫഷണൽ മജീഷ്യനാണ് ഷാജു. അച്ഛന്റെ മാജിക്കിൽ ആകൃഷ്ടയായി മൂന്നാമത്തെ വയസിലാണ് ഗോപിക മാജിക് പഠിച്ചു തുടങ്ങിയത്. സ്വന്തമായി എന്തെങ്കിലും ചെയ്യണം എന്ന ആഗ്രഹത്തിലാണ് യൂട്യൂബ് നോക്കി നിഴൽച്ചിത്ര അവതരണം (ഷാഡോ പ്ലേ) പഠിക്കുന്നത്. വെളിച്ചം ക്രമീകരിച്ച് വിരലുകൾ ചലിപ്പിക്കുമ്പോൾ വിവിധ രൂപങ്ങൾ സ്ക്രീനിൽ തെളിയുന്ന കലയാണിത്. മികവ് പ്രകടിപ്പിച്ചതോടെ മായ മണികണ്ഠൻ എന്ന അദ്ധ്യാപകന്റെ ശിക്ഷണത്തിൽ പഠനം പൂർത്തിയാക്കി. ഇതോടെ ഷാജു മാജിക്ക് അവതരിപ്പിക്കുന്ന വേദികളിൽ ഗോപികയുടെ നിഴൽച്ചിത്ര പ്രദർശനവും തുടങ്ങി. പ്രായം കുറഞ്ഞ ഷാഡോഗ്രഫർ എന്നു പേരും ഗോപികയ്ക്ക് സ്വന്തം.

ലോക്ഡൗൺ കാലത്ത് യൂട്യൂബിൽ നിന്നാണ് മാളവിക ചിത്രകലയുടെ ബാലപാഠങ്ങൾ ഉൾക്കൊണ്ടത്.

പിതാവിന്റെ സോഷ്യൽമീഡിയ പോസ്റ്റുകളിലൂടെ മാളവികയുടെ കഴിവ് നാടറിഞ്ഞു. എസ്.സി.ഇ.ആർ.ടി അധികൃതർ പാഠപുസ്തകത്തിൽ ചിത്രം വരയ്ക്കാൻ ക്ഷണിച്ചു. എട്ട്, പത്ത് ക്ലാസുകളിലെ പുസ്തകങ്ങളിൽ മാളവികയുടെ വരകൾ ഇടംപിടിച്ചു. ഇതു മാത്രമല്ല ബലൂൺ ആർട്ടിലും പയറ്റിത്തെളിഞ്ഞ മാളവികയും വേദികളിൽ സജീവമാണ്. ഗോപിക മാർ ഇവാനിയോസ് കോളേജിലിൽ മാദ്ധ്യമ വിദ്യാർത്ഥിയാണ്. മാളവിക കുറ്റിക്കാട് സി.പി.എച്ച്.എസ്.എസിൽ പ്ളസ് വൺ വിദ്യാർത്ഥി. അമ്മ അനിത കൊല്ലായിൽ എസ്.എൻ.യു.പി.എസിൽ അദ്ധ്യാപികയാണ്.

വേദികളിൽ മാജിക് അവതരിപ്പിച്ച സമയത്ത് ഹൃദയസ്പർശിയായ ഒത്തിരി അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. കാഴ്ചശക്തിയില്ലാത്ത മകന്റെ കണ്ണ് മാജിക്കിലൂടെ ചെറിയ സമയത്തേക്കെങ്കിലും ഒന്നു തുറന്ന് കൊടുക്കാമോ എന്ന് ചോദിച്ചെത്തിയ അമ്മയുടെ മുഖം ഇന്നും ഓർമയിലുണ്ട്

ഷാജു കടയ്ക്കൽ