പത്തനാപുരം: കാഴ്ചക്കാർക്ക് കൗതുകം പകരുന്ന ഒരു പുതിയ വിനോദസഞ്ചാര കേന്ദ്രം ഒരുങ്ങുന്നു. പത്തനാപുരത്തെ പത്തുപറയിൽ 'വനദീപ്തി' എന്ന പേരിൽ സാമൂഹിക വനവത്ക്കരണ പദ്ധതിക്ക് തുടക്കമായി. പത്തുപറയിലെ സ്വാഭാവിക വനവും അനുബന്ധ സൗകര്യങ്ങളും സംയോജിപ്പിച്ച് വനംവകുപ്പാണ് ഇത് നടപ്പാക്കുന്നത്. വൃക്ഷങ്ങൾ വളർത്തിയെടുക്കുന്നതിന്റെ പ്രധാന ചുമതല ചീഫ് കൺസർവേറ്റർ മുഹമ്മദ് നൗഷാദിനായിരുന്നു. നിർമ്മാണം പൂർത്തിയായാൽ ഉടൻ തന്നെ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
വനവത്കരണത്തിലൂടെ കൂടുതൽ വിനോദസഞ്ചാരികളെ മലയോര ഗ്രാമമായ പത്തുപറയിലേക്ക് ആകർഷിക്കുക എന്നതാണ് വനംവകുപ്പ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ആദ്യ ഘട്ടത്തിൽ യൂക്കാലിപ്‌സ് മരങ്ങൾ മുറിച്ചുമാറ്റിയ ശേഷമാണ് സ്വാഭാവിക വനം ഒരുക്കാനുള്ള ആശയം മുന്നോട്ട് വെച്ചത്. മന്ത്രി കെ.ബി. ഗണേഷ്കുമാർ മുൻ വനംവകുപ്പ് മന്ത്രിയായിരുന്ന കാലത്താണ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്. മന്ദീഭവിച്ച പദ്ധതിക്ക് വീണ്ടും ജീവൻ വെച്ചതോടെ പ്രദേശം കൂടുതൽ ശ്രദ്ധനേടുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
വൃക്ഷത്തൈകൾ: ഒരു വർഷം പ്രായമുള്ള 110ൽ അധികം ഇനം വൃക്ഷത്തൈകളാണ് ഇവിടെ നട്ടുപിടിപ്പിച്ചത്.
ജൈവവൈവിദ്ധ്യം: 110 ഇനം മരങ്ങൾക്ക് പുറമെ, വിവിധയിനം പക്ഷികൾ, ചിത്രശലഭങ്ങൾ, മൃഗങ്ങൾ എന്നിവയെ ആകർഷിക്കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. മരങ്ങൾ വളർന്നു തുടങ്ങിയതോടെ പലതരം പക്ഷികളും മൃഗങ്ങളും ഇവിടേക്ക് എത്താൻ തുടങ്ങിയിട്ടുണ്ട്.
സന്ദർശകർക്കുള്ള സൗകര്യങ്ങൾ: സന്ദർശകർക്ക് ഇരിക്കാനും വിശ്രമിക്കാനും പ്രത്യേക കുളവും വിശാലമായ പാർക്കും ടിക്കറ്റ് കൗണ്ടറും നിർമ്മിക്കാൻ ഉദ്ദേശിക്കുന്നു. വേനൽക്കാലത്ത് പക്ഷികൾക്കും ചിത്രശലഭങ്ങൾക്കും ദാഹം തീർക്കാൻ വേണ്ട സൗകര്യങ്ങളും ഇവിടെ ഒരുക്കും.
പദ്ധതി വിപുലീകരിക്കുന്നതിനായി ഫോറസ്റ്റ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ 10 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. നിർമ്മാണ ജോലികൾ ഒരു മാസത്തിനകം തുടങ്ങും.
അജയകുമാർ
അമ്പനാർ ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ