
കൊല്ലം: പാചക വാതകവുമായി പോയ കണ്ടെയ്നർ ലോറി നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് തകർന്നു. ഇന്നലെ പുലർച്ചെ കൊട്ടിയം സിത്താര ജംഗ്ഷനിലായിരുന്നു അപകടം. മേനംകുളത്തേക്ക് പാചക വാതകവുമായി വന്നതാണ് ലോറി. ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി സർവീസ് റോഡും പ്രധാനറോഡും തമ്മിൽ വേർതിരിക്കുന്നതിനായി വച്ചിരിക്കുന്ന കോൺക്രീറ്റ് ഡിവൈഡറിലാണ് വാഹനം ഇടിച്ചുകയറിയത്. ഡ്രൈവർ ക്യാബിൻ തകർന്നു. ആർക്കും പരിക്കില്ല. ഏറെ നേരം പ്രദേശത്ത് ഗതാഗത കുരുക്ക് അനുഭവപ്പെട്ടു. തുടർന്ന് വാഹനങ്ങൾ വഴിതിരിച്ചുവിട്ടു. ഉച്ചയ്ക്ക് ഒന്നോടെ മറ്റൊരു ഡ്രൈവർ ക്യാബിൻ എത്തിച്ചാണ് വാഹനം ഇവിടെ നിന്ന് മാറ്റിയത്.