sd

കൊല്ലം: കൊല്ലം തിരുമംഗലം ദേശീയപാതയിൽ കുണ്ടറ ആശുപത്രിമുക്കിലെ തെരുവോര മത്സ്യവ്യാപാരം നി​രന്തര ഗതാഗതക്കുരുക്കി​ന് കാരണമായി​ട്ടും നടപടി​യി​ല്ല. അനധി​കൃത കച്ചവടക്കാരെ ഒഴി​പ്പി​ക്കാൻ നേരത്തെ നോട്ടീസ് നൽകി​യി​രുന്നെന്ന് അധി​കൃതർ വി​ശദീകരി​ക്കുന്നുണ്ടെങ്കി​ലും കച്ചവടം തകൃതി​യാണ്.

വൈകിട്ട് മൂന്ന് മണി കഴിയുന്നതോടെ കച്ചവടം ഉഷാറാകും. ഇതോടെ ഇവി​ടെ വലിയ ഗതാഗതക്കുരുക്കും രൂപപ്പെടും.

രാത്രി വൈകുവോളം കച്ചവടമുണ്ട്. ഈ സമയങ്ങളിൽ മീൻ വാങ്ങാൻ എത്തുന്നവരും വാഹനങ്ങളിൽ പോകുന്നവരും തമ്മിൽ വാക്കുതർക്കങ്ങളും പതി​വാണ്. റോഡിൽ ഇരുന്നു മത്സ്യ വ്യാപാരം നടത്തുന്നവരുടെ തൊട്ടടുത്തു കൂടിയാണ് വാഹനങ്ങൾ ചീറിപ്പായുന്നത് ഇത് മറ്റൊരു അപകട ഭീഷണി​യാണ്. ആശുപത്രിമുക്കിലെ തെരുവോര മത്സ്യ വ്യാപാരത്തിനെതിരെ ജംഗ്ഷനിലെ വ്യാപാരികൾ നൽകിയ പരാതിയിൽ കച്ചവടം ഇവിടെ നിന്ന് മാറ്റണമെന്ന കോടതി ഉത്തരവുണ്ട്. എന്നി​ട്ടും പഞ്ചായത്ത് അധികൃതർ ഒഴിപ്പിക്കാൻ മുൻകൈ എടുക്കുന്നില്ലെന്ന് നാട്ടുകാർ ആരോപി​ക്കുന്നു. തെരുവോര മത്സ്യ വ്യാപാരികൾക്ക് അനുകൂലമായ നിലപാടാണ് അധി​കൃതർ എടുക്കുന്നതെന്ന ആക്ഷേപവുമുണ്ട്. നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമര പരിപാടികൾ സംഘടി​പ്പി​ക്കുമെന്ന് പ്രദേശവാസി​കൾ പറയുന്നു.

പഞ്ചായത്തി​ന്റെ തീരുമാനങ്ങൾ അംഗീകരിക്കാൻ കച്ചവടക്കാർ തയ്യാറാകുന്നില്ലെന്നാണ് ആരോപണം. ഇവി​ടത്തെ വ്യാപാരികൾക്ക് ഇവിടെത്തന്നെയോ അല്ലെങ്കിൽ മുക്കടയിലെ മാർക്കറ്രിലോ കച്ചവടത്തിനുള്ള സൗകര്യം ഉടൻ തന്നെ ഒരുക്കുമെന്നും അധികൃതർ പറയുന്നു.

ഇവിടെ കച്ചവടം ചെയ്യുന്നവർക്ക് നേരത്തെ നോട്ടീസ് നൽകിയിരുന്നെങ്കിലും കുറച്ചു പേർ ഈ ജംഗ്ഷനിൽ പല ഭാഗങ്ങളിലായി കച്ചവടം തുടരുകയാണ്. ഓണം കഴിയുന്നതോടെ ഇവർക്ക് വേറെ സ്വകര്യമൊരുക്കും. അതിൽ വീഴ്ച വരുത്തിയാൽ ശക്തമായ നിയമനടപടികൾ സ്വീകരിക്കും

എസ്.ഡി. അഭിലാഷ്, ഇളമ്പള്ളൂർ പഞ്ചായത്ത് പ്രസിഡന്റ്.