കൊല്ലം: ശ്രീനാരായണ ഗുരുദേവന്റെ 171-ാമത് ജയന്തി ആഘോഷം എസ്.എൻ.ഡി​.പി​ യോഗം കൊല്ലം യൂണിയന്റെയും എസ്.എൻ ട്രസ്റ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ 7ന് നടക്കും.

സമ്മേളന സ്ഥലമായ ആർ.ശങ്കർ നഗറിൽ (കൊല്ലം എസ്.എൻ കോളേജ്) രാവിലെ 8ന് ആഘോഷ കമ്മിറ്റി ചെയർമാനും കൊല്ലം യൂണിയൻ പ്രസിഡന്റുമായ മോഹൻ ശങ്കർ പീതപതാക ഉയർത്തും. ജയന്തി ഘോഷയാത്ര വൈകിട്ട് 5ന് സിംസ് ആശുപത്രി അങ്കണത്തിലെ ആർ. ശങ്കർ സ്മൃതി മണ്ഡപത്തിൽ നിന്ന് ആരംഭിക്കും. യൂണിയൻ പ്രസിഡന്റ് മോഹൻശങ്കർ, സെക്രട്ടറി എൻ.രാജേന്ദ്രൻ, യോഗം കൗൺസിലർ പി.സുന്ദരൻ, വൈസ് പ്രസിഡന്റ് അഡ്വ. രാജീവ് കുഞ്ഞുകൃഷ്ണൻ, ആർ.ഡി.സി ചെയർമാൻ അനൂപ് എം.ശങ്കർ, യോഗം ബോർഡ് മെമ്പർ എ.ഡി.രമേശ്, അഡ്വ. കെ.ധർമ്മരാജൻ, യൂണിയൻ കൗൺസിലർമാരായ നേതാജി ബി.രാജേന്ദ്രൻ, ബി.വിജയകുമാർ, പുണർതം പ്രദീപ്, ബി.പ്രതാപൻ, ഷാജി ദിവാകർ, എം.സജീവ്, യൂണിയൻ പഞ്ചായത്ത് മെമ്പർമാരായ അഡ്വ. എസ്.ഷേണാജി, ജി.രാജ്‌മോഹൻ, ഇരവിപുരം സജീവൻ, ട്രസ്റ്റ് ബോർഡ് മെമ്പർമാർ, വനിതാസംഘം, യൂത്ത്മൂവ്‌മെന്റ്, ശ്രീനാരായണ എംപ്ലോയീസ് ഫോറം, ശ്രീനാരായണ ഗുരു എംപ്ലോയീസ് കൗൺസിൽ, ശ്രീനാരായണ പെൻഷണേഴ്‌സ് കൗൺസിൽ, സൈബർ സേന, മൈക്രോ ക്രെഡിറ്റ് എന്നിവയുടെ ഭാരവാഹികൾ, എസ്.എൻ ട്രസ്റ്റ് സ്ഥാപനങ്ങളുടെ മേധാവികൾ തുടങ്ങിയവർ നേതൃത്വം നൽകും.

അലങ്കരിച്ച ഗുരുദേവ രഥം, നാദസ്വരം, പഞ്ചവാദ്യം, ചെണ്ടമേളം, പഞ്ചാരിമേളം, തായമ്പക, പാണ്ടിമേളം, ബാൻഡ് മേളം, നൃത്ത നൃത്യങ്ങൾ, തെയ്യം, മയിലാട്ടം, കാവടിയാട്ടം, അർദ്ധനാരീശ്വര നൃത്തം, പൂക്കാവടി ആട്ടം, മോഹിനിനൃത്തം, ശിങ്കാരിമേളം എന്നി​വ ഘോഷയാത്രയ്ക്ക് മാറ്റുകൂട്ടും. കൊല്ലം ശങ്കേഴ്‌സ് ആശുപത്രി, വി.എൻ.എസ്.എസ് കോളേജ് ഒഫ് നഴ്‌സിംഗ്, നഴ്‌സിംഗ് സ്‌കൂൾ, ശ്രീനാരായണ ട്രസ്റ്റ് സെൻട്രൽ സ്‌കൂൾ, ശ്രീനാരായണ ട്രസ്റ്റ് ഹയർസെക്കൻഡറി സ്‌കൂൾ, ട്രസ്റ്റ് ഹൈസ്‌കൂൾ, ശ്രീനാരായണ ഗുരു കോളേജ് ഒഫ് ലീഗൽ സ്റ്റഡീസ് എന്നി​വി​ടങ്ങളി​ൽ നി​ന്നുള്ള ഫ്ളോട്ടുകളും ഘോഷയാത്രയി​ലുണ്ടാവും. 77 ശാഖായോഗങ്ങളിൽ നിന്ന് ഓരോ ശാഖയുടെയും ബാനറിന് പിന്നിൽ അതത് ശാഖ ഭാരവാഹികളുടെ നേതൃത്വത്തിൽ ഗുരുദേവ രഥങ്ങൾ, അലങ്കരിച്ച വാഹനങ്ങൾ, നൃത്തരൂപങ്ങൾ, മേളങ്ങൾ എന്നി​വയുണ്ടാവും.

ആർ.ശങ്കർ സ്മൃതി മണ്ഡപത്തിൽ നിന്ന് പുറപ്പെടുന്ന ഘോഷയാത്ര ചിന്നക്കട ആർ.ശങ്കർ സ്‌ക്വയറിൽ പുഷ്പാർച്ചനയ്ക്ക് ശേഷം ചിന്നക്കട, ഓവർ ബ്രിഡ്ജ്, റെയിൽവേ സ്റ്റേഷൻ, കോർപ്പറേഷൻ ഓഫീസ്, റിസർവ്വ് പൊലീസ് ക്യാമ്പ്, കന്റോൺമെന്റ് മൈതാനം വഴി സമ്മേളന വേദിയായ എസ്.എൻ കോളേജി​ൽ എത്തും. 6.30ന് നടക്കുന്ന ജയന്തി ആഘോഷ മഹാസമ്മേളനം മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ അദ്ധ്യക്ഷത വഹിക്കും.

എം. നൗഷാദ് എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തും. മേയർ ഹണി ബെഞ്ചമിൻ സമ്മാനദാനം നിർവഹിക്കും. വിവിധ മേഖലകളിൽ മികവ് പുലർത്തിയ പ്രതിഭകളെ ആദരിക്കലും സ്‌കോളർഷിപ്പ് വിതരണവും നടക്കും. യൂണിയൻ വൈസ് പ്രസിഡന്റ് അഡ്വ.രാജീവ് കുഞ്ഞുകൃഷ്ണൻ, യോഗം കൗൺസിലർ പി. സുന്ദരൻ, യോഗം ബോർഡ് മെമ്പർ ആനേപ്പിൽ എ.ഡി.രമേഷ്, വനിതാ സംഘം കൊല്ലം യൂണിയൻ പ്രസിഡന്റ് ഡോ.എസ്.സുലേഖ, യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് എസ്.അഭിലാഷ് എന്നിവർ സംസാരി​ക്കും. യൂണി​യൻ സെക്രട്ടറി എൻ. രാജേന്ദ്രൻ സ്വാഗതവും എസ്.എൻ ട്രസ്റ്റ് കൊല്ലം ആർ.ഡി.സി ചെയർമാൻ അനൂപ് എം.ശങ്കർ നന്ദി​യും പറയും. പത്രസമ്മേളനത്തിൽ മോഹൻ ശങ്കർ, എൻ.രാജേന്ദ്രൻ, പി.സുന്ദരൻ, എ.ഡി.രമേശ്, ബി.പ്രതാപൻ, നേതാജി ബി.രാജേന്ദ്രൻ, ജി.രാജ് മോഹൻ, പ്രമോദ് കണ്ണൻ എന്നിവർ പങ്കെടുത്തു.

ഘോഷയാത്രയി​ൽ സമ്മാനങ്ങളും

ജയന്തി ഘോഷയാത്രയിൽ ഏറ്റവും കൂടുതൽ ആളുകളെ പങ്കെടുപ്പിച്ച് ചിട്ടയോടും വർണ്ണപ്പകിട്ടോടും പങ്കെടുക്കുന്ന ശാഖകൾക്ക് ഒന്നാം സമ്മാനമായി വനിതാ സംഘം കൊല്ലം യൂണിയൻ എക്‌സിക്യുട്ടി​വ് കമ്മിറ്റി അംഗം ജെ. വിമലകുമാരിയുടെ മക്കളായ ജിഷു നാരായണനും ജിഷ്ണു നാരായണനും (കേട്ടുപുര, പട്ടത്താനം) സ്പോൺ​സർ ചെയ്യുന്നു 20,000 രൂപ നൽകും. രണ്ടാം സമ്മാനമായി വനിതാ സംഘം കൊല്ലം യൂണിയൻ പ്രസിഡന്റ് ഡോ. എസ്. സുലേഖയുടെ മകൻ അനീഷ് പ്രസന്നൻ (ചാങ്ങാട്, മയ്യനാട്) നൽകുന്ന 15,000 രൂപയും മൂന്നാം സമ്മാനമായി മഹിമ അശോകൻ (മഹിമ, ആശ്രാമം) നൽകുന്ന 10,000 രൂപയും എല്ലാ വർഷവും യൂണിയൻ നൽകുന്ന എവർറോളിംഗ് ട്രോഫികളും ക്യാഷ് അവാർഡുകൾക്കും സമ്മാനി​ക്കും.

കഴി​ഞ്ഞ പ്ലസ്ടു പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ളസ്, എ വൺ​ നേടിയ കുട്ടികൾക്ക് ക്യാഷ് അവാർഡും മെഡലും നൽകും. ജയന്തി ആഘോഷത്തിന്റെ ഭാഗമായി ആഘോഷ കമ്മിറ്റിയുടെയും കേരളകൗമുദി കൊല്ലം യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ കൊല്ലം ശ്രീനാരായണ വനിതാ കോളേജിൽ നടത്തിയ സാഹിത്യ മത്സരങ്ങളിലെ വിജയികൾക്കും വനിതാ സംഘത്തിന്റെ ജയന്തി സാഹിത്യ മത്സരത്തിലെ വിജയികൾക്കും ട്രോഫികളും സർട്ടിഫിക്കറ്റുകളും മെഡലുകളും സമ്മേളനത്തിൽ വിതരണം ചെയ്യും.