കൊല്ലം: അതുല്യയുടേത് ആത്മഹത്യയല്ലെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന ദൃശ്യങ്ങളിലൂടെ വ്യക്തമാകുന്നതെന്ന് സഹോദരി അഖില ഗോകുൽ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഷാർജയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ അതുല്യയെ ഭർത്താവ് സതീഷ് ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചീത്തവിളിക്കുകയും ചെയ്യുന്നതിന്റെ കൂടുതൽ ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. ഈ സാഹചര്യത്തിലാണ് സഹോദരിയുടെ വെളിപ്പെടുത്തൽ.

സാധാരണ എന്നും ഫോൺ ചെയ്യാറുണ്ടായിരുന്നു. എന്തെങ്കിലും പ്രശ്നങ്ങളോ ബുദ്ധിമുട്ടുകളോ ഉണ്ടെങ്കിൽ അന്നുതന്നെയോ അല്ലെങ്കിൽ അതിന് ശേഷമോ വിളിച്ച് സംസാരിക്കാറുണ്ട്. എന്നാൽ ഇന്നലെ പുറത്തുവന്ന വീഡിയോയിലെ ദൃശ്യങ്ങൾ പുതിയ അറിവാണ്. തന്റെ സഹോദരിയുടേത് ആത്മഹത്യയല്ല, കൊലപാതകം തന്നെയാണെന്ന് സാധൂകരിക്കുന്നതിനുള്ള തെളിവാണ് പുറത്തുവന്നത്. ഇത്രയൊക്കെ തെളിവ് ഉണ്ടായിട്ടും സതീഷിന് ജാമ്യം അനുവദിച്ചത് അംഗീകരിക്കാൻ കഴിയില്ലെന്നും അഖില പറഞ്ഞു.

കഴിഞ്ഞ ജൂലായ് 19 നാണ് തേവലക്കര കോയിവിള അതുല്യ ഭവനിൽ അതുല്യയെ ഷാർജയിലെ റോള പാർക്കിന് സമീപത്തെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കൂടുതൽ തെളിവുകൾ പുറത്തുവന്ന സാഹചര്യത്തിൽ സതീഷിന്റെ ജാമ്യം റദ്ദാക്കണമെന്നാണ് അതുല്യയുടെ കുടുംബം ആവശ്യപ്പെടുന്നത്.