കൊട്ടാരക്കര: കൊട്ടാരക്കര നഗരം ഓണത്തിരക്കിൽ. മുൻവർഷങ്ങളെ അപേക്ഷിച്ച് വ്യാപാരമേഖല നിർജ്ജീവമാകുമെന്നു കരുതിയെങ്കിലും സർക്കാർ ജീവനക്കാർ, പെൻഷൻകാർ, ക്ഷേമനിധി പെൻഷൻകാർ എന്നിവരുടെ ശമ്പളവും പെൻഷനും എത്തിയതോടെ കമ്പോളം സജീവമായി. നഗരത്തിൽ വാഹനങ്ങളുടെ തിരക്ക് ഗതാഗതക്കുരുക്കിന് കാരണമായി. ഫുട്ട്പാത്ത് കച്ചവടക്കാർ ഇല്ലാത്തത് സ്ഥിരം വ്യാപാരികൾക്ക് ആശ്വാസമായി. തിരക്ക് നിയന്ത്രിക്കാൻ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പൊലീസിനെയും ഹോം ഗാർഡുകളെയും വിന്യസിച്ചിട്ടുണ്ട്. ക്ലബ്ബുകൾ, സാംസ്കാരിക സംഘടനകൾ, നഗരസഭ എന്നിവ ഓണാഘോഷങ്ങൾക്കുള്ള ഒരുക്കത്തിലാണ്. സർക്കാർ ഓഫീസുകളിലും സ്വകാര്യ സ്ഥാപനങ്ങളിലും ജീവനക്കാർ ഓണാഘോഷങ്ങൾ ആരംഭിച്ചു. ഓണത്തിന്റെ വരവറിയിച്ച് പുലികളും നഗരത്തിൽ എത്തിത്തുടങ്ങി. വ്യാപാരികൾ കൈനിറയെ സമ്മാനങ്ങളും ഓഫറുകളും ഒരുക്കി ഓണ വിപണി സജീവമാക്കാൻ മത്സരിക്കുകയാണ്. കാലാവസ്ഥ അനുകൂലമാണെങ്കിൽ ഇത്തവണത്തെ ഓണം പൊന്നോണമാകുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും.