ശാസ്താംകോട്ട: കേരളത്തിൽ വർദ്ധിച്ചുവരുന്ന അക്രമങ്ങൾക്ക് കാരണം ലഹരിയുടെയും രാസലഹരിയുടെയും ഉപയോഗമാണെന്ന് ജെബി മേത്തർ എം.പി പറഞ്ഞു. ലഹരിവസ്തുക്കൾ സുലഭമായി ലഭിക്കുന്ന സംസ്ഥാനമായി കേരളം മാറിയെന്നും മാതാപിതാക്കളെയും സഹോദരങ്ങളെയും പോലും ലഹരി ഉപയോഗിച്ച് ആക്രമിക്കുന്നതും കൊലപ്പെടുത്തുന്നതും നിത്യസംഭവമായിട്ടും സർക്കാർ കണ്ടില്ലെന്ന് നടിക്കുകയാണെന്നും അവർ വിമർശിച്ചു.
മഹിളാ കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ലഹരിക്കെതിരെ സംഘടിപ്പിച്ച മഹിളാ സാഹസ് കേരളയാത്രക്ക് മൈനാഗപ്പള്ളി മണ്ഡലം കമ്മിറ്റികൾ നൽകിയ സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ജെബി മേത്തർ. ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി എം.എം. നസീർ മുഖ്യപ്രഭാഷണം നടത്തി. മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഫേബ സുദർശനൻ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മൈനാഗപ്പള്ളി കിഴക്ക് മണ്ഡലം പ്രസിഡന്റ് നൂർജഹാൻ ഇബ്രാഹിം അദ്ധ്യക്ഷയായി.
കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വൈ.ഷാജഹാൻ, മണ്ഡലം പ്രസിഡന്റുമാരായ പി.എം.സെയ്ദ്, വർഗ്ഗീസ് തരകൻ, ഡി.സി.സി അംഗം ബി.സേതുലക്ഷ്മി, കെ.എസ്.യു സംസ്ഥാന നിർവാഹക സമിതി അംഗം അമൃതപ്രിയ, റംലാ ബീവി, എസ്.ബീന കുമാരി, വൈ.സാജിത ബീഗം, പി.ചിത്രലേഖ, ഷൈനി മനാഫ്, ഷീബ സിജു, ഉഷാകുമാരി, രാധാമണി, ഷിജ്ന നൗഫൽ, രാധിക ഓമനകുട്ടൻ, ഷഹു ബാനത്ത് തുടങ്ങിയവർ സംസാരിച്ചു. അത്തപ്പൂക്കളം ഒരുക്കിയും തിരുവാതിര, ദഫ് മുട്ട് എന്നിവ കളിച്ചും നാടൻപാട്ടുകളും ഓണപ്പാട്ടുകളും പാടിയുമാണ് യാത്രയെ വരവേറ്റത്.