കൊല്ലം: നേരം വൈകുമ്പോൾ സ്വകാര്യ ബസുകൾ പാതി വഴിയിൽ ഓട്ടം നിറുത്തുന്നതിനാൽ നഗരത്തിലെ വിവിധ ഭാഗങ്ങളിൽ യാത്രികർ വലയുന്നു. ഉളിയക്കോവിലിലേക്ക് വരുന്ന ബസുകൾ ഇളകുളം ജംഗ്ഷൻ, പുന്നമൂട്, പള്ളിക്കൽ ജംഗ്ഷൻ, തുരുത്തേൽ സെന്റ് മേരീസ് സ്കൂൾ വരെയെത്തി മടങ്ങുന്നതായിരുന്നു പതിവ്. കൊവിഡിന് മുൻപ് വരെ ഇങ്ങനെയായിരുന്നു സർവീസ്.
കൊവിഡിനു ശേഷം ഇവിടേക്ക് സർവീസ് നടത്താതെ അമ്പലത്തിന് മുന്നിലെത്തി മടങ്ങുകയാണ് ബസുകൾ. രണ്ട് സ്വകാര്യ ബസുകൾ മാത്രമാണ് കൃത്യമായി സർവീസ് നടത്തുന്നത്. വിദ്യാർത്ഥികളും ജോലിക്കാരും പ്രായമായവരും സ്ത്രീകളുമടക്കം നിരവധി പേരാണ് ദിവസവും സ്വകാര്യബസുകളെ ആശ്രയിച്ച് യാത്ര ചെയ്യുന്നത്. ബസ് ജീവനക്കാർ കന്നന്തിരിവ് കാട്ടുന്നതിനാൽ, നിർദ്ധനരായ തൊഴിലാളികൾ ഉൾപ്പെടെ ഓട്ടോറിക്ഷയെ ആശ്രയിക്കേണ്ട സ്ഥിതിയാണ്.
പരിഹാരം വേണം
യാത്രാക്ലേശം രൂക്ഷമായതോടെ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർക്ക് നാട്ടുകാർ നിവേദനം നൽകിയിരുന്നു. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തുകയും കൃത്യമായി സർവീസ് നടത്തണമെന്ന നിർദ്ദേശം സ്വകാര്യ ബസുകൾക്ക് നൽകുകയും ചെയ്തു. തുടർന്ന് ഒരു ദിവസത്തേക്ക് മാത്രം കൃത്യമായി സർവീസ് നടത്തും. വീണ്ടും പഴയപടിയാവും. ബസുകൾ കൃത്യമായി സർവീസ് നടത്തി യാത്രാക്ലേശത്തിന് പരിഹാരം ഉണ്ടാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
നിരവധി തവണ ആർ.ടി.ഒയ്ക്ക് പരാതി നൽകിയിരുന്നു. ഉദ്യോഗസ്ഥർ താക്കീത് നൽകിയിട്ടും സ്വകാര്യബസ് ജീവനക്കാർ അനുസരിക്കില്ലെന്ന സ്ഥിതിയാണ്
നാട്ടുകാർ