pachalkaoi-
'ഓണത്തിന് നൂറു മുറം പച്ചക്കറി' എന്ന ലക്ഷ്യത്തോടെ കെ.എം.എം.എൽ മിനറൽ സെപ്പറേഷൻ യൂണിറ്റിൽ ആരംഭിച്ച 'ജൈവം അമൃതം' പച്ചക്കറിക്കൃഷിയുടെ വിളവെടുപ്പ്

ചവറ: 'ഓണത്തിന് നൂറു മുറം പച്ചക്കറി' എന്ന ലക്ഷ്യത്തോടെ കെ.എം.എം.എൽ മിനറൽ സെപ്പറേഷൻ യൂണിറ്റിൽ ആരംഭിച്ച 'ജൈവം അമൃതം' എന്ന പച്ചക്കറിക്കൃഷിയുടെ വിളവെടുപ്പ് നടന്നു. മിനറൽ സെപ്പറേഷൻ യൂണിറ്റ് ഹെഡ് എം.യു.വിജയകുമാർ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. ടി.എസ്.കനാലിനോട് ചേർന്നുള്ള ഒരേക്കർ ഭൂമിയിലാണ് പദ്ധതി നടപ്പാക്കിയത്. പാവൽ, പടവലം, പച്ചമുളക്, വഴുതന, പയർ, വെണ്ട, തക്കാളി തുടങ്ങിയ പച്ചക്കറികളാണ് ഇവിടെ കൃഷി ചെയ്തത്. ഇവയോടൊപ്പം ഇടവിളയായി വെന്റി ജമന്തിയും കൃഷി ചെയ്തിരുന്നു. ഒന്നാം ഘട്ട കൃഷിയിൽ ഓരോയിനത്തിലും 20 കിലോയോളം വിളവ് ലഭിച്ചു. വിജയം കണ്ട ഈ പദ്ധതി രണ്ടാം ഘട്ടത്തിൽ കൂടുതൽ വിപുലീകരിക്കാനും, വിളവുകൾ നിർദ്ധനരായ പ്രദേശവാസികൾക്ക് നൽകാനും പദ്ധതിയുണ്ട്. പൻമന പഞ്ചായത്തിന്റെ മികച്ച കൃഷിക്കുള്ള അവാർഡും ഇത്തവണ 'ജൈവം അമൃതം' പദ്ധതിക്ക് ലഭിച്ചിരുന്നു.

മിനറൽ സെപ്പറേഷൻ ഡിപ്പാർട്ട്‌മെന്റ് ഹെഡ് ടി. കാർത്തികേയൻ, ഗ്രീൻസെൽ കൺവീനർ സി.പി.ഹരിലാൽ, ഗ്രീൻസെൽ അംഗം രാജഗോപാൽ, യൂണിയൻ നേതാക്കളായ ഗോപകുമാർ, സന്തോഷ്‌കുമാർ, സന്തോഷ്, ഫെലികസ് കമ്പനിയിലെ ഉദ്യോഗസ്ഥർ, ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.