കൊല്ലം: എൻ.എസ് സഹകരണ ആശുപത്രിക്ക് മെഡിസിനിൽ ബിരുദ, ബിരുദാനന്തരബിരുദ കോഴ്‌സുകൾ നടത്താൻ അനുമതി ലഭിച്ചു. ക്രിട്ടിക്കൽ കെയർ മെഡിസിനിൽ മെഡിക്കൽ ബിരുദാനന്തര ബിരുദ കോഴ്‌സി(ഡി.ആർ.എൻ.ബി.)നും എമർജൻസി മെഡിസിനിൽ മെഡിക്കൽ ബിരുദ കോഴ്‌സി(ഡി.എൻ.ബി.)നുമാണ് നാഷണൽ ബോർഡ് ഓഫ് എക്‌സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസിന്റെ അനുവാദം ലഭിച്ചത്. കോഴ്‌സുകൾ നീറ്റ് പരീക്ഷാഫലത്തിന്റെ അടിസ്ഥാനത്തിലുള്ള അഡ്മിഷൻ മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിൽ ഈ അദ്ധ്യയന വർഷം ആരംഭിക്കും. ഇരു കോഴ്‌സുകൾക്കും രണ്ട് സീറ്റ് വീതമാണ് അനുവദിച്ചിട്ടുള്ളത്. അനസ്‌തേഷ്യോളജി, ഇ.എൻ.ടി., ഗൈനക്കോളജി, പീഡിയാട്രിക്‌സ്, റേഡിയോളജി എന്നീ കോഴ്‌സുകളിലായി 14 സീറ്റുകൾ നിലവിലുണ്ട് . ഇവയ്ക്ക് പുറമേയാണ് പുതിയ കോഴ്‌സുകളുടെ അംഗീകാരം.