കരുനാഗപ്പള്ളി: നീലികുളം നീലിമ ആർട്‌സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ 46-ാം വാർഷികവും ഓണാഘോഷവും 6, 7 തീയതികളിൽ നീലിമ ജംഗ്ഷനിലെ നീലിമ ഗ്രൗണ്ടിൽ വെച്ച് നടക്കും. 6ന് രാവിലെ 8ന് അത്തപ്പൂക്കള മത്സരത്തോടെയാണ് പരിപാടികൾക്ക് തുടക്കമാകുന്നത്. വിജയികൾക്ക് ക്യാഷ് അവാർഡും ട്രോഫിയും സമ്മാനിക്കും. തുടർന്ന് 9 മുതൽ ചെസ്, ചലച്ചിത്ര ഗാനം, ലളിതഗാനം, മാപ്പിളപ്പാട്ട് തുടങ്ങിയ മത്സരങ്ങൾ നടക്കും. വൈകിട്ട് 4ന് വടംവലി മത്സരവും രാത്രി 7ന് ഗായകരായ നിഷാദ് സുൽത്താനും സജിനയും നയിക്കുന്ന സൂപ്പർഹിറ്റ് ഗാനമേളയും അരങ്ങേറും. 7ന് വൈകിട്ട് 4 ന് തിരുവാതിര അരങ്ങേറും. തുടർന്ന് 7ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ കുമാരനാശാൻ ഫൗണ്ടേഷൻ സംസ്ഥാന ചെയർമാൻ അജിത്ത് നീലികുളം അദ്ധ്യക്ഷനാകും. സി.ആർ.മഹേഷ് എം.എൽ.എ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഡോ.അനിൽ മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തും. ഡോ.പത്മകുമാർ ക്‌ളാപ്പന, ബി.പത്മദാസ്, കെ.എസ്. പുരം സുധീർ എന്നിവർ സംസാരിക്കും. പ്രശസ്ത സാഹിത്യ വിമർശകനും യുവകവിയുമായ പി. മോഹനൻ കുമാറിനെ ചടങ്ങിൽ ആദരിക്കും. നീലികുളം സിബു സ്വാഗതവും ആർ. സുനിൽകുമാർ കാരൂർ കണ്ടത്തിൽ നന്ദിയും പറയും. രാത്രി 8 മുതൽ നാടൻപാട്ടും ഉണ്ടാകും.