കൊല്ലം: ദേശീയപാത 66ൽ ആൽത്തറമൂടിനും മേവറത്തിനും ഇടയിലുള്ള (പഴയ ബൈപ്പാസ്) ഭാഗങ്ങളി​ലെത്താൻ രണ്ട് ബസുകൾ കയറിയിറങ്ങി വലയുകയാണ് മരുത്തടിക്കാർ. ആൽത്തറമൂട് മുതൽ മേവറം വരെയുള്ള സ്വകാര്യ ബസ് സർവീസ് മരുത്തടിയിലേക്ക് നീട്ടിയാൽ ഈ വി​ഷയം തീരും. മേവറത്തു നിന്ന് മരുത്തടിയിലേക്ക് കെ.എസ്.ആർ.ടി.സി സർവീസുമില്ലെന്നതാണ് ദുർഗതി.

ദേശീയപാതയോരത്തുള്ള വിവിധ ആശുപത്രികളിലേക്ക് മരുത്തടി ഭാഗത്ത് നിന്ന് നി​രവധി​ പേർ പ്രതി​ദിനം പോകുന്നുണ്ട്. പുറമേ കുരീപ്പുഴ, കടവൂർ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന മത്സ്യ സംസ്കരണ യൂണിറ്റുകൾ, ബോട്ട് റിപ്പയറിംഗ് വർക്ക് ഷോപ്പുകൾ എന്നിവിടങ്ങളിൽ തൊഴിലിന് പോകുന്നവരുമുണ്ട്. അഞ്ചാലുംമൂട് എച്ച്.എസ്.എസ്, നീരാവിൽ എസ്.എൻ.ഡി.പി.വൈ.എച്ച്.എസ്.എസ് എന്നിവിടങ്ങളിലെ വിദ്യാർത്ഥികളും മരുത്തടി പ്രദേശത്ത് ഏറെയുണ്ട്. ഇവരെല്ലാം ആൽത്തറമൂട്ടിലോ മേവറത്തോ എത്തി വീണ്ടും ബസ് കയറണമെന്നതാണ് അവസ്ഥ. ബസ് കാത്തുനിന്ന് തൊഴിലാളികൾക്കും വിദ്യാർത്ഥികൾക്കും ഏറെ സമയം നഷ്ടമാകുന്നുണ്ട്.

...................................

ആശുപത്രികൾ, സ്കൂളുകൾ, തൊഴിൽ സ്ഥലങ്ങൾ എന്നിവിടങ്ങളിലേക്ക് പോകുന്നവർക്ക് പുറമേ ദേശീയപാതയി​ൽ ആൽത്തറമൂടിനും മേവറത്തിനും ഇടയിലുള്ള കുരീപ്പുഴ പള്ളി, കടവൂർ ക്ഷേത്രം അടക്കമുള്ള ആരാധനാലയങ്ങളിലേക്കും നിരവധി പേർ മരുത്തടി ഭാഗത്ത് നിന്നും എത്തുന്നുണ്ട്. ആൽത്തറമൂട്- മേവറം ബസ് സർവീസ് കാവനാട്, രാമൻകുളങ്ങര വഴി മരുത്തടി ദേവീ ക്ഷേത്രത്തിലേക്ക് നീട്ടിയാൽ നൂറുകണക്കിന് പേർക്ക് ഗുണം ചെയ്യും

കെ. ശ്രീദേവൻ, പ്രസിഡന്റ്, ഗുരുദേവ് റസിഡന്റ്സ് അസോസിയേഷൻ, മരുത്തടി

...................................

കൊട്ടിയം, ചവറ ഭാഗത്ത് നിന്നുള്ള ബസുകൾ നിലവിൽ മരുത്തടി വഴി സർവീസ് നടത്തുന്നുണ്ട്. ഈ ബസുകൾക്കെല്ലാം നല്ല കളക്ഷനുമുണ്ട്. ദേശീയപാതയിലേക്ക് ബസ് സർവീസ് ആരംഭിച്ചാൽ മരുത്തടി പ്രദേശം കൂടുതൽ വികസിക്കും. ഇക്കാര്യമുന്നയിച്ച് പ്രദേശവാസികൾ ജനപ്രതിനിധികൾക്കടക്കം നിവേദനം നൽകിയിട്ടുണ്ട്

കെ. പുഷ്പരാജൻ, സെക്രട്ടറി, ഗുരുദേവ് റസിഡന്റ്സ് അസോസിയേഷൻ, മരുത്തടി