കുന്നത്തൂർ: ഭരണിക്കാവ് ടൗണിലെ ബസ് സ്റ്റോപ്പുമായി ബന്ധപ്പെട്ട് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സർവ്വകക്ഷി യോഗത്തിലെ തീരുമാനങ്ങൾ നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് വ്യാപാരികൾ തുടർ സമരങ്ങൾ പ്രഖ്യാപിച്ചു. ഓണത്തിനു ശേഷം രണ്ടാം ഘട്ട സമരങ്ങൾ ആരംഭിക്കുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഭരണിക്കാവ് യൂണിറ്റ് കമ്മിറ്റി യോഗം അറിയിച്ചു. ജംഗ്ഷനിലെ നാല് റോഡുകളിലെയും ബസ് ബേകളിൽ ബസ് നിറുത്തി യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്യുക, ബസുകൾ പാർക്ക് ചെയ്യാതെ സ്റ്റാൻഡിലേക്ക് പോകുക എന്നീ തീരുമാനങ്ങൾ നടപ്പാക്കാത്തതിനാലാണ് വ്യാപാരികൾ വീണ്ടും സമരത്തിനൊരുങ്ങുന്നത്.
തുടർസമരങ്ങളുടെ ഭാഗമായി പഞ്ചായത്ത് ലൈസൻസ്, തൊഴിൽ നികുതി എന്നിവ ബഹിഷ്‌കരിക്കാനും അനിശ്ചിതകാല കടയടപ്പ് സമരം, അനിശ്ചിതകാല നിരാഹാര സമരം തുടങ്ങിയവ നടത്താനും തീരുമാനിച്ചിട്ടുണ്ട്. സമാധാനപരമായി നടത്തിയ ജനകീയ സമരങ്ങളുടെ പേരിൽ എടുത്ത കേസുകൾ പിൻവലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. തങ്ങളുടെ തുടർസമരങ്ങൾക്ക് എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണയും സഹകരണവും ഉണ്ടാകണമെന്നും വ്യാപാരികൾ അഭ്യർത്ഥിച്ചു. യൂണിറ്റ് പ്രസിഡന്റ് എ.കെ. ഷാജഹാൻ അദ്ധ്യക്ഷനായി. എ. ബഷീർ കുട്ടി, ജി. അനിൽകുമാർ, കെ.ജി. പുരുഷോത്തമൻ, അബ്ദുൽ ജബ്ബാർ, സഞ്ജയ് പണിക്കർ എന്നിവർ സംസാരിച്ചു.