കൊല്ലം: കുട്ടികൾക്കായി പൂതക്കുളം ഗ്രാമ പഞ്ചായത്ത് ഒരുക്കുന്ന ഹാപ്പിനസ് പാർക്കിന്റെ നിർമ്മാണം അവസാനഘട്ടത്തിലെത്തി.
പൂതക്കുളം പാണാട്ട്ചിറയുടെ തീരത്താണ് ഹാപ്പിനസ് പാർക്കിന്റെ നിർമ്മാണം പുരോഗമിക്കുന്നത്. പാർക്കിലെ കെട്ടിടങ്ങളുടെ ഉൾപ്പെടെ പെയിന്റിംഗ്, ഇന്റർലോക്ക് പാകൽ, ഫെൻസിംഗ് നിർമ്മാണം എന്നിവ പൂർത്തിയായി. ഈ മാസം തന്നെ പാർക്ക് തുറക്കാനാണ് ശ്രമിക്കുന്നതെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു.
എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഹാപ്പിനസ് പാർക്കുകൾ സ്ഥാപിക്കണമെന്നത് സർക്കാർ നിലപാടാണ്. ടൂറിസം വകുപ്പിന്റെ നേതൃത്വത്തിലാണ് പൂതക്കുളത്ത് ഹാപ്പിനസ് പാർക്ക് നിർമ്മാണം പുരോഗമിക്കുന്നത്. 'കുട്ടികളുടെ പാർക്കിലെ അടിസ്ഥാന സൗകര്യ വികസനം' പദ്ധതി പ്രകാരമാണ് പാർക്കിന്റെ ആദ്യഘട്ട പ്രവർത്തനങ്ങൾ നടപ്പാക്കിയത്. പാട്ടും കലാപരിപാടികളും അവതരിപ്പിക്കാനുമുള്ള ഇടമായാണ് പാർക്ക് വികസിപ്പിക്കുന്നത്. സ്വകാര്യ ചടങ്ങുകളും യോഗങ്ങളും സംഗമങ്ങളും നടത്താൻ അവസരമൊരുങ്ങും. കുട്ടികൾക്ക് മാത്രമല്ല ഏത് പ്രായക്കാർക്കും വിശ്രമിക്കാനും സമയം ചെലവഴിക്കാനുമുള്ള അന്തരീക്ഷമാണ് സജ്ജമാകുന്നത്. വിനോദ സഞ്ചാരവകുപ്പിന്റെ 49 ലക്ഷവും ഇത്തിക്കര ബ്ലോക്കിന്റെതും പൂതക്കുളം ഗ്രാമപഞ്ചായത്തിന്റെയും 5 ലക്ഷം വീതവും വിനിയോഗിച്ചാണ് പാർക്ക് നിർമ്മാണം.
മാനസികോല്ലാസം പ്രധാനം
കുട്ടികളുടെ ക്ഷേമത്തിനും കായിക, മാനസിക ഉല്ലാസത്തിനും പ്രാധാന്യം നൽകിയാണ് പാർക്ക് ഒരുക്കുന്നത്
ഉല്ലാസ, വിശ്രമ സൗകര്യങ്ങളുണ്ട്.
കളിക്കാനുള്ള ഉപകരണങ്ങൾ, സെൽഫി പോയിന്റ്, മൈക്ക് സെറ്റ്, ലൈറ്റ്, കഫ്റ്റീരിയ, സ്റ്റേജ് എന്നിവയും
ടേക് എ ബ്രേക്കിന്റെ രണ്ട് ടോയ്‌ലറ്റുകളും ലൈറ്റ് റിഫ്രഷ്‌മെന്റ് ഏരിയയും ഒരുക്കിയിട്ടുണ്ട്.
പാണാട്ട് ചിറ ബോട്ടിംഗ്, ജലകേളി തുടങ്ങിയ സാദ്ധ്യതകളും പരമാവധി പ്രയോജനപ്പെടുത്തും
പാർക്കിന്റെ നിർമ്മാണം അവസാന ഘട്ടത്തിലാണ്. ഈ മാസം തന്നെ ഉദ്ഘാടനം നടത്താനാണ് ശ്രമിക്കുന്നത്
എസ്. അമ്മിണിയമ്മ , പ്രസിഡന്റ് , പൂതക്കുളം ഗ്രാമപഞ്ചായത്ത്