കൊട്ടാരക്കര: ശ്രീനാരായണ ഗുരുദേവന് ഒരൊറ്റ ദർശനം മാത്രമേയുള്ളൂ എന്നും അത് അദ്വൈത ദർശനമാണെന്നും മുൻ എം.എൽ.എ അഡ്വ.പി.ഐഷാപോറ്റി അഭിപ്രായപ്പെട്ടു. ഗുരുവിന്റെ ദർശനങ്ങളും സന്ദേശങ്ങളും പ്രാവർത്തികമാക്കാനുള്ള വേദിയായി ഈ വർഷത്തെ ഗുരുദേവ ജയന്തി ദിനത്തെ മാറ്റണമെന്നും അവർ പറഞ്ഞു.
ഗുരുധർമ്മ പ്രചാരണ കേന്ദ്രം കേന്ദ്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന 171-ാമത് ഗുരുദേവ ജയന്തി വിളംബര സമ്മേളനം കോട്ടാത്തല പൂഴിക്കാട് ഭദ്രാഭഗവതി ക്ഷേത്ര അങ്കണത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഐഷാപോറ്റി. സംഘം ചെയർമാൻ എഴുകോൺ രാജ്മോഹൻ ചടങ്ങിൽ അദ്ധ്യക്ഷനായി. നിർദ്ധനരായവർക്കുള്ള ഭക്ഷ്യധാന്യക്കിറ്റിന്റെ വിതരണം ഡി.സി.സി ജനറൽ സെക്രട്ടറി പി.ഹരികുമാർ നിർവഹിച്ചു. സംഘം ജനറൽ സെക്രട്ടറി ബി.സ്വാമിനാഥൻ, ശാന്തിനി കുമാരൻ, സുശീല മുരളീധരൻ, കെ.എൻ.നടരാജൻ, ഉഷസ്, ഉണ്ണി പുത്തൂർ, ജയസത്യൻ നെടുവത്തൂർ, ക്ലാപ്പന സുരേഷ് എന്നിവർ സംസാരിച്ചു.