photo

കൊല്ലം: കുണ്ടറ പടപ്പക്കര കുതിരമുനമ്പ് സെന്റ് ജോർജ് കുരിശടിക്ക് മുന്നിലെ കറങ്ങുന്ന പൂക്കളം ആകർഷകമായി​. ഏറെപ്പേരാണ് പൂക്കളം കാണാൻ ഇവിടേക്ക് എത്തുന്നത്. കുതിരമുനമ്പ് യുവജന കൂട്ടായ്മയാണ് വേറിട്ട രീതിയിൽ പൂക്കളമൊരുക്കിയത്. ആറടി വ്യാസമുള്ള പൂക്കളത്തിൽ ഏഴുതരം പൂക്കളുണ്ട്. ഇന്ന് തിരുവോണത്തിന് പുതിയ പൂക്കളമി​ട്ട് വേറെ ലെവലാക്കും.

വാഹനങ്ങളുടെ വൈപ്പറിന് ഉപയോഗിക്കുന്ന മോട്ടോറാണ് പൂക്കളം കറങ്ങാനായി ഉപയോഗിച്ചത്. കിണറിന്റെ അടപ്പി​ൽ പൂക്കളത്തറയൊരുക്കി​. തറ നിരപ്പിൽ നിന്ന് രണ്ടടി പൊക്കമുണ്ട്. കിണറിന്റെ അടപ്പ് വെൽഡ് ചെയ്തു വച്ചതിൽ പൂക്കളത്തിന്റെ ഡിസൈൻ വരച്ചു. തുടർന്ന് പൂക്കൾ ക്രമമായി ഇട്ട് കളങ്ങൾ നിറച്ചു. സാധാരണ പോലെയുള്ള പൂക്കളം പൂർത്തിയായ ശേഷമാണ് സ്വിച്ച് ഓൺ ചെയ്തത്. അതോടെ പൂക്കളം മെല്ലെ കറങ്ങാൻ തുടങ്ങി. ഡിക്സൻ കുതിരമുനമ്പ്, ബെന്നി, രാജു, ജോസഫ്, ജോണി എന്നിവരുടെ നേതൃത്വത്തിലാണ് കറങ്ങും പൂക്കളമൊരുക്കിയത്.

മൂന്ന് ദിവസംകൊണ്ടാണ് വെൽഡിംഗ് ഉൾപ്പടെ എല്ലാം സജ്ജമാക്കിയത്. പൂരാട രാത്രിയിൽ പൂക്കൾ നിരത്തി പൂക്കളം തയ്യാറാക്കി. തമിഴ്നാട്ടിലെ തെങ്കാശിയിൽ നിന്ന് പൂക്കൾ നേരിട്ടെത്തി​ച്ചു. പൂക്കളം വൈറലായതോടെ കുരിശടിക്ക് മുന്നിലേക്ക് ഉത്രാടപ്പകൽ മുഴുവൻ ആളുകൾ നിറഞ്ഞു. വൈകിട്ടായപ്പോഴേക്കും പൂക്കൾ വാടി. ഇന്നത്തേക്ക് പൂക്കൾ കരുതിയിട്ടുള്ളതിനാൽ രാവിലെ തന്നെ പുത്തൻ പൂക്കളം കറങ്ങിത്തുടങ്ങും.

കൈകൊണ്ട് കറക്കുന്ന പൂക്കളമൊരുക്കാനാണ് ആദ്യം തിരുമാനിച്ചത്. പ്രദേശവാസിയായ ബൈജു മോട്ടോർ ഘടിപ്പിച്ചുതന്നു. അതോടെ സ്വിച്ചിട്ടാൽ കറങ്ങുന്ന പൂക്കളമായി മാറി

വൈ.ഡിക്സൺ, സംഘാടകൻ