photo-
ശാസ്താംകോട്ട ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ വാനര സദ്യ. '

ശാസ്താംകോട്ട: ഉത്രാടദിനത്തിൽ തൂശനിലയിൽ വിളമ്പിയ വിഭവസമൃദ്ധമായ സദ്യയുണ്ട് ശാസ്താംകോട്ട ധർമ്മശാസ്താ ക്ഷേത്രത്തിലെ വാനരപ്പടയുടെ ഓണാഘോഷത്തിന് തുടക്കമായി. ധർമ്മശാസ്താവിന്റെ ഇഷ്ട തോഴന്മാരായ വാനരന്മാർക്കായി കുത്തരിച്ചോറ്, പരിപ്പ്, പപ്പടം, പച്ചടി, കിച്ചടി, അവിയൽ, തോരൻ, കാളൻ, ഓലൻ, രണ്ട് തരം പായസം തുടങ്ങിയ വിഭവങ്ങളാണ് രാവിലെ പതിനൊന്നോടെ തൂശനിലയിൽ നിരന്നത്.

ആദ്യമെത്തി സുലുവും രാജുവും പാച്ചുവും

വാനര ഭോജനശാലയിൽ വിഭവങ്ങൾ വിളമ്പാൻ തുടങ്ങിയതോടെ സമീപത്തെ മതിലിലും മരച്ചില്ലകളിലും നിലയുറപ്പിച്ചിരുന്ന വാനരന്മാർ അക്ഷമയോടെ കാത്തിരുന്നു. വിളമ്പിക്കഴിഞ്ഞ ശേഷം ആളുകൾ മാറിയപ്പോൾ കൂട്ടത്തിലെ തലമൂത്ത മൂപ്പന്മാരായ സുലുവും രാജുവും പാച്ചുവും എത്തി സദ്യ രുചിച്ചു നോക്കി. കുഴപ്പമില്ലെന്ന് ഉറപ്പായതോടെ മറ്റുള്ളവരും കുതിച്ചെത്തി.

ഇന്നും വിഭവസമൃദ്ധമായ സദ്യ

തമ്മിൽ കലഹിച്ചും കൈയിട്ട് വാരിയും ഓടിനടന്നും എല്ലാവരും സദ്യ ആസ്വദിച്ചു. കുഞ്ഞൻ കുരങ്ങന്മാരെ മടിയിലിരുത്തി അമ്മക്കുരങ്ങന്മാർ സദ്യ വാരിക്കൊടുക്കുന്ന കാഴ്ച കൗതുകമുണർത്തി. ഈ വാനരസദ്യ കാണാൻ നിരവധി ഭക്തരും ക്ഷേത്രത്തിൽ എത്തിയിരുന്നു. മനക്കര ശ്രീശൈലത്തിൽ എം.വി. അരവിന്ദാക്ഷൻനായരുടെ വകയായാണ് ഉത്രാടസദ്യ ഒരുക്കിയത്. ഇന്നും വാനരന്മാർക്ക് വിഭവസമൃദ്ധമായ സദ്യ ഒരുക്കുന്നുണ്ട്.