photo
കോട്ടാത്തല പണയിൽ- പാറയിൽമുക്ക് റോഡ്

ടാറിംഗ് നടത്താത്തത് നാട്ടുകാർക്ക് ബുദ്ധിമുട്ടായി

കൊട്ടാരക്കര: കോട്ടാത്തല പണയിൽ-പാറയിൽമുക്ക് റോഡിന്റെ ടാറിംഗ് പൂർത്തിയാകാത്തത് ഓണക്കാലത്തും നാട്ടുകാർക്ക് ദുരിതമായി. ഓണാഘോഷത്തിന്റെ ഭാഗമായുള്ള ഓട്ടമത്സരം, വടംവലി തുടങ്ങിയ പരിപാടികൾ സാധാരണയായി ഈ റോഡിൽ വെച്ചാണ് നടത്താറുള്ളത്. എന്നാൽ, നിലവിൽ റോഡിലൂടെ നടക്കാൻപോലും പ്രയാസമായതിനാൽ ഓണാഘോഷ പരിപാടികൾ ചുരുക്കേണ്ടിവന്നു. നെടുവത്തൂർ ഗ്രാമപഞ്ചായത്തിലെ ഈ പ്രധാന റോഡ് ഏറെക്കാലമായി തകർന്ന നിലയിലാണ്. മന്ത്രി കെ.എൻ.ബാലഗോപാലിന്റെ ശ്രമഫലമായി അനുവദിച്ച 3.5 കോടി രൂപ ഉപയോഗിച്ച് റോഡ് നവീകരണം ആരംഭിച്ചിരുന്നു. എന്നാൽ, ആദ്യഘട്ട മെറ്റലിംഗ് നടത്തിയ ശേഷം കരാറുകാരൻ നിർമ്മാണപ്രവർത്തനങ്ങൾ നിറുത്തിവെച്ചതോടെ റോഡ് കൂടുതൽ അപകടാവസ്ഥയിലായി.

യാത്രക്കാർക്ക് ഭീഷണിയായി

റോഡിൽ മെറ്റലുകൾ ഇളകിത്തെറിച്ച് കിടക്കുന്നതിനാൽ ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാണ്. വലിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ മെറ്റൽ കല്ലുകൾ തെറിച്ച് കാൽനടയാത്രക്കാരുടെ ദേഹത്തേക്ക് വീഴുന്നതായും പരാതിയുണ്ട്. യു.പി സ്കൂളിന് മുന്നിലൂടെ കടന്നുപോകുന്ന റോഡിന്റെ ചില ഭാഗങ്ങളിൽ വലിയ കുഴികളും രൂപപ്പെട്ടിട്ടുണ്ട്. റോഡിന്റെ ടാറിംഗ് ഓണത്തിന് മുൻപ് പൂർത്തിയാക്കുമെന്ന് അധികൃതർ ഉറപ്പു നൽകിയിരുന്നെങ്കിലും ആ പ്രതീക്ഷയും അസ്തമിച്ചു. പഞ്ചായത്തിലെ കോട്ടാത്തല, പുല്ലാമല, തേവലപ്പുറം വാർഡുകളിലൂടെ കടന്നുപോകുന്ന മൂന്നര കിലോമീറ്റർ നീളമുള്ള ഈ റോഡിന്റെ നിർമ്മാണോദ്ഘാടനം കഴിഞ്ഞ ജനുവരിയിൽ മന്ത്രി കെ.എൻ.ബാലഗോപാൽ നിർവഹിച്ചതാണ്.