dd

കൊല്ലം: നീണ്ടകര- ചിന്നക്കട റോഡിൽ നിന്ന് ഗവ.ഐ.ടി.ഐയിലേക്ക് തിരിയുന്നി​ടം മുതൽ ഐ.ടി.ഐ വരെ റോഡിന്റെ പലഭാഗവും പൊട്ടിപ്പൊളിഞ്ഞ് കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായെങ്കി​ലും പരി​ഹാരമി​ല്ല. റോഡിലേക്ക് ഇറങ്ങുന്ന ഭാഗത്ത് തന്നെ കല്ലുകളും മെറ്റിൽ കഷ്ണങ്ങളും ഇളകി ചിതറിക്കിടക്കുന്നു.

നിത്യേന നൂറുകണക്കിന് വിദ്യാർത്ഥികളും നിരവധി വാഹനങ്ങളും സഞ്ചരിക്കുന്ന റോഡാണി​ത്. കാൽനടയാത്ര പോലും നി​ലവി​ൽ അസാദ്ധ്യമായ അവസ്ഥയാണ്. നി​രവധി​ വ്യാപാരസ്ഥാപനങ്ങളും റോഡിനിരുവശത്തുമുണ്ട്. റോഡിന്റെ തകർച്ചയും യാത്രക്കാരുടെ ദുരിതവും പലതവണ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും യാതൊരു ഇടപെടലും ഉണ്ടായി​ട്ടി​ല്ല.

പൊടി ശല്യവും

ടാറില്ലാത്തതിനാൽ വാഹനങ്ങൾ പോകുമ്പോൾ പൊടിശല്യവും രൂക്ഷമാണ്. യാത്രാ ക്ലേശത്തോടൊപ്പം പൊടിയും സഹിക്കേണ്ട ഗതികേട്. മഴക്കാലത്ത് റോ‌ഡിലെ കുഴികൾ പെട്ടന്ന് ശ്രദ്ധയിൽപ്പെടി​ല്ല. ചിതറിക്കി​ടക്കുന്ന കല്ലുകളിൽ തട്ടിയും കുഴിയിൽ വീണും ചെറുതും വലുതുമായ അപകടങ്ങളും ഇവിടെ പതിവാണ്. ഇരുചക്ര വാഹന യാത്രി​കരാണ് അപകടത്തി​ൽപ്പെടുന്നവരി​ൽ ഏറെയും. എത്രയും വേഗം റോഡ് നന്നാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

കുറച്ചു നാളായി റോഡ് ഇങ്ങനെ തകർന്ന് കിടക്കാൻ തുടങ്ങിയിട്ട്. കുറച്ച് ഭാഗമേ ഉള്ളൂവെങ്കിലും അതുവരെയുള്ള യാത്ര വളരെ ബുദ്ധിമുട്ടായി​. എത്രയും വേഗം നടപടി സ്വീകരിക്കണം

വിനോദ്, ഇരുചക്ര വാഹന യാത്രി​കൻ

.......................................

വൈകാതെ റോഡ് നവീകരിക്കും. റീടാറിംഗ് നടത്താൻ ടെൻഡർ നടപടികൾ ആരംഭിച്ചു

ജെ.സേതുലക്ഷ്മി, കൗൺസില‌ർ, മുളങ്കാടകം ഡിവിഷൻ