കുളത്തൂപ്പുഴ: നിയന്ത്രണം വിട്ട ഥാർ ജീപ്പ് വീട്ടിലേക്ക് ഇടിച്ചുകയറി, വാഹനം ഓടിച്ചിരുന്ന യുവാവിന് ഗുരുതരമായി പരിക്കേറ്റു. ചോഴിയക്കോട് കല്ലുകുഴി സ്വദേശി തൗഫീഖിനാണ് (22) പരിക്കേറ്റത്. ഒപ്പമുണ്ടായിരുന്ന കല്ലുകുഴി സ്വദേശിയായ യുവാവ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
ഇന്നലെ പുലർച്ചെ 6.30 ഓടെ മലയോര ഹൈവേയിൽ മടത്തറ- കുളത്തൂപ്പുഴ പാതയിൽ അരിപ്പ പെട്രോൾ പമ്പിന് സമീപത്താണ് സംഭവം. പുലർച്ചെ മുതൽ പുതിയ ഥാർ ജീപ്പ് പ്രദേശത്ത് യുവാക്കൾ ഓടിക്കുന്നുണ്ടായിരുന്നു. ഇതിനിടെ നിയന്ത്രണം തെറ്രിയ വാഹനം ഹൈവേ കലിങ്ക് തകർത്ത് പ്രദേശവാസിയായ സലിമിന്റെ വീട്ടിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പോർച്ചിൽ കിടന്ന കാറിലിടിച്ചാണ് ജീപ്പ് നിന്നത്. അപകടസമയം വീട്ടുകാർ വീടിനുള്ളിൽ ആയിരുന്നതിനാൽ ദുരന്തം ഒഴിവായി. ഡ്രൈവർ സൈഡിലെ എയർബാഗ് പ്രവർത്തിക്കാതിരുന്നതിനാൽ സ്റ്റിയറിംഗിൽ ഇടിച്ച് മുഖത്താണ് തൗഫീഖിന് സാരമായി പരിക്കേറ്റത്. കുളത്തൂപ്പുഴ പൊലീസ് കേസെടുത്തു.