ഭൂമിയുടെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് റവന്യു വകുപ്പിൽ നിന്ന് ലഭിക്കണം
കൊല്ലം: ആശ്രാമം ഇ.എസ്.ഐ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലെ സ്ഥലപരിമിതി മറികടക്കുന്നതിനൊപ്പം കൂടുതൽ അടിസ്ഥാന സൗകര്യങ്ങളൊരുക്കാനുള്ള 88.21 കോടിയുടെ പദ്ധതി യാഥാർത്ഥ്യമാകാൻ, ആശുപത്രി സ്ഥിതി ചെയ്യുന്ന ഭൂമിയുടെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് റവന്യു വകുപ്പിൽ നിന്നു ലഭിക്കണം. സംസ്ഥാന സർക്കാർ മുൻകൈ എടുത്തെങ്കിൽ മാത്രമേ ഇത് സാദ്ധ്യമാവുകയുള്ളൂ.
രണ്ടര വർഷം മുൻപാണ് ആശുപത്രിയുടെ സമഗ്രവികസനത്തിന് വേണ്ടിയുള്ള പദ്ധതിക്ക് അനുമതിയായത്. കേന്ദ്ര പൊതുമരാമത്ത് വകുപ്പിനാണ് നിർമ്മാണ ചുമതല. കെട്ടിട നിർമ്മാണത്തിനുള്ള അനുമതി അടക്കം ലഭിച്ചാൽ മാത്രമേ കേന്ദ്ര പൊതുമരാമത്ത് വകുപ്പ് നിർമ്മാണത്തിനുള്ള ടെണ്ടർ ക്ഷണിക്കുകയുള്ളൂ. അഞ്ച് ഏക്കറോളം സ്ഥലത്താണ് ആശുപത്രി സ്ഥിതി ചെയ്യുന്നത്. എന്നാൽ ഈ ഭൂമിയുടെ പൂർണമായ രേഖകൾ ഇ.എസ്.ഐ കോർപ്പറേഷന്റെ പക്കലില്ല. റവന്യു ഓഫീസുകൾ കയറിയിറങ്ങി ഇതുവരെ കൈവശാവകാശ സർട്ടിഫിക്കറ്റ് സംഘടിപ്പിക്കാൻ മാത്രമേആശുപത്രി അധികൃതർക്ക് കഴിഞ്ഞിട്ടുള്ളു. ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ കേന്ദ്ര പൊതുമരാമത്ത് വകുപ്പ് തുടർ നടപടികൾ സ്വീകരിക്കും.
ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റിനുള്ള അപേക്ഷ ഇപ്പോൾ ലാൻഡ് റവന്യു കമ്മിഷണറുടെ പരിഗണനയിലാണ്. സർട്ടിഫിക്കറ്റ്, സി.എസ്.ആർ.ഇസഡ് അതോറിട്ടി, മലിനീകരണ നിയന്ത്രണ ബോർഡ് എന്നിവയിൽ നിന്നുള്ള അനുമതി എന്നിവയ്ക്ക് പുറമേ കോർപ്പറേഷനിൽ നിന്ന് ബിൽഡിംഗ് പെർമിറ്റും വാങ്ങാനുള്ള ചുമതല സ്വകാര്യ ഏജൻസിയെ ഏൽപ്പിക്കാൻ കേന്ദ്ര പൊതുമരാമത്ത് വകുപ്പ് നടപടി ആരംഭിച്ചിട്ടുണ്ട്.
വികസന പദ്ധതി ഇങ്ങനെ
പുതിയ മൂന്ന് നില കെട്ടിടം
മോഡുലാർ ഓപ്പറേഷൻ തിയേറ്റർ
കൂടുതൽ വാർഡുകൾ
ഓപ്പറേഷൻ തിയേറ്ററുകൾ
ഐ.സി.യുകൾ
മാലിന്യ സംസ്കരണ പ്ലാന്റ്
കൂട്ടിരിപ്പുകാർക്കുള്ള വിശ്രമകേന്ദ്രം
മൾട്ടിലെവൽ പാർക്കിംഗ് കോംപ്ലക്സ്