കൊട്ടാരക്കര : താലൂക്കാശുപത്രിയിൽ വയോജന സൗഹൃദ വാർഡ് സ്ഥാപിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ഇത് സംബന്ധിച്ച വിവരങ്ങൾ സംസ്ഥാന നിയമസഭാ സെക്രട്ടറിയുടെ രേഖാമൂലമുള്ള അറിയിപ്പായി ലഭിച്ചിട്ടുണ്ട്. ഗാന്ധി ലെനിൻ ലൈബ്രറി ഹാളിൽ ചേർന്ന വയോജന കൺവെൻഷനാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. നടപടികൾ എത്രയും വേഗം പൂർത്തിയാക്കണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു.
സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം ജി. ഗോപിനാഥൻ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. സെപ്തംബർ മൂന്നാം വാരം കൊട്ടാരക്കരയിൽ നടക്കുന്ന താലൂക്ക് വയോജന സമ്മേളനത്തിന്റെ നടത്തിപ്പിനായി മുനിസിപ്പൽ ചെയർമാൻ അഡ്വ. ഉണ്ണികൃഷ്ണമേനോൻ ചെയർമാനായി 51 അംഗ സ്വാഗതസംഘം രൂപീകരിച്ചു. രത്നകുമാർ പള്ളിശ്ശേരിയെ കൺവീനറായും പ്രൊഫ. പുത്തൂർ സുകുമാരൻ, പി. രമാദേവി എന്നിവരെ വൈസ് ചെയർമാൻമാരായും മംഗലം ബാബുവിനെ ട്രഷററായും തിരഞ്ഞെടുത്തു.
സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം. കരുണാകരൻ, പി. സിംലാസനൻ എന്നിവരാണ് ജോയിന്റ് കൺവീനർമാർ. വയോജന കമ്മീഷൻ ചെയർമാൻ കെ. സോമപ്രസാദ്, സംസ്ഥാന വർക്കിംഗ് ചെയർമാൻ കെ.എൻ.കെ. നമ്പൂതിരി എന്നിവർക്ക് സ്വീകരണം നൽകാനും യോഗത്തിൽ തീരുമാനമായി. ജില്ലാ ഭാരവാഹികളായ നീലേശ്വരം സദാശിവൻ, ചിറ്റയം ഗോപാലകൃഷ്ണൻ, താലൂക്ക് സെക്രട്ടറി എൻ. ദിവാകരൻ, പി.എസ്. ശശിധരൻ പിള്ള, ബി. നളിനി എന്നിവർ ചടങ്ങിൽ സംസാരിച്ചു.