കൊല്ലം: ശ്രീനാരായണ ഗുരുദേവന്റെ 171-ാം മഹാജയന്തിയോടനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയന്റെയും എസ്.എൻ ട്രസ്റ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ കൊല്ലം നഗരത്തിൽ ഇന്ന് പതിനായിരങ്ങൾ അണിനിരക്കുന്ന വർണശബളമായ ജയന്തി ഷോഷയാത്ര നടക്കും. മഹാജയന്തി ആഘോഷത്തിന്റെ ഭാഗമായി നഗരവീഥികളാകെ പീത പതാകകളാൽ നിറഞ്ഞിരിക്കുകയാണ്.
വൈകിട്ട് 5ന് കൊല്ലം സിംസ് ആശുപത്രി അങ്കണത്തിലെ ആർ. ശങ്കർ സ്മൃതിമണ്ഡപത്തിൽ നിന്ന് ഘോഷയാത്ര ആരംഭിക്കും. ഗുരുദേവ രഥങ്ങൾ, നിശ്ചലദൃശ്യങ്ങൾ, വാദ്യമേളങ്ങൾ, കലാരൂപങ്ങൾ, അലങ്കരിച്ച വാഹനങ്ങൾ തുടങ്ങിയവ ഘോഷയാത്രയ്ക്ക് മിഴിവേകും. എസ്.എൻ ട്രസ്റ്റിന്റെ വിവിധ സ്ഥാപനങ്ങളിലെ അദ്ധ്യാപകർ, അനദ്ധ്യാപകർ എന്നിവർക്ക് പുറമേ കൊല്ലം യൂണിയൻ പരിധിയിലെ 77 ശാഖകളിൽ നിന്നുള്ള ശ്രീനാരായണീയരും ഗുരുമന്ത്രങ്ങൾ ജപിച്ച് ഘോഷയാത്രയിൽ അണിനിരക്കും. എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ, സെക്രട്ടറി എൻ. രാജേന്ദ്രൻ, യോഗം കൗൺസിലർ പി. സുന്ദരൻ, യൂണിയൻ ഭാരവാഹികൾ, എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗങ്ങൾ, പോഷകസംഘടനാ ഭാരവാഹികൾ തുടങ്ങിയവർ ഘോഷയാത്രയ്ക്ക് നേതൃത്വം നൽകും.
ചിന്നക്കട ആർ. ശങ്കർ സ്ക്വയറിൽ പുഷ്പാർച്ചനയ്ക്ക് ശേഷം ചിന്നക്കട ആർ.ഒ.ബി റെയിൽവേ സ്റ്റേഷൻ, കോർപ്പറേഷൻ ഓഫീസ് വഴി ഘോഷയാത്ര കൊല്ലം എസ്.എൻ കോളേജിലെത്തും. തുടർന്ന് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന മഹാജയന്തി സമ്മേളനം മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി എൻ. രാജേന്ദ്രൻ സ്വാഗതം പറയും. എം. നൗഷാദ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. മേയർ ഹണി ബെഞ്ചമിൻ സമ്മാനദാനം നിർവഹിക്കും. യൂണിയൻ വൈസ് പ്രസിഡന്റ് അഡ്വ. രാജീവ് കുഞ്ഞുകൃഷ്ണൻ, എസ്.എൻ.ഡി.പി യോഗം കൗൺസിലർ പി. സുന്ദരൻ, യോഗം ബോർഡ് അംഗം ആനേപ്പിൽ എ.ഡി. രമേഷ്, വനിതാസംഘം യൂണിയൻ പ്രസിഡന്റ് ഡോ. എസ്. സുലേഖ, യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് എസ്. അഭിലാഷ്, കൊല്ലം ആർ.ഡി.സി ചെയർമാൻ അനൂപ് എം.ശങ്കർ തുടങ്ങിയവർ സംസാരിക്കും. ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ച് ഇന്ന് രാവിലെ 8ന് കൊല്ലം എസ്.എൻ കോളേജിലെ സമ്മേളന നഗരിയിൽ മോഹൻ ശങ്കർ പതാക ഉയർത്തും.