ഇതുവരെ പഠനം നടത്തിയത് 12.2 ലക്ഷം പേരിൽ
കൊല്ലം: ജീവിതശൈലി രോഗങ്ങൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് നടപ്പാക്കുന്ന സർവേ 'ശൈലി 2.0' അവസാന ഘട്ടത്തിലെത്തവേ, ജില്ലയിൽ 30 വയസ് പിന്നിട്ട 5 ലക്ഷം പേർക്ക് ജീവിതശൈലി രോഗം വരാൻ സാദ്ധ്യതയെന്നു കണ്ടെത്തൽ. ഇവരിൽ 50 ശതമാനം പേരുടെ സ്ക്രീനിംഗ് പൂർത്തിയായി. ആവശ്യമായവർക്ക് തുടർ ചികിത്സ ഉറപ്പാക്കിയാണ് നിലവിൽ പദ്ധതി നടക്കുന്നത്. ജില്ലയിൽ ഇതുവരെ 30 വയസിന് മുകളിലുള്ള 12.2 ലക്ഷം പേരുടെ വിവര ശേഖരണമാണ് നടന്നത്.
രോഗ സാദ്ധ്യത കണ്ടെത്തിയവർ ഓരോ ആഴ്ചയിലും കൃത്യമായി പരിശോധനയ്ക്ക് വിധേയമാകണമെന്നാണ് നിർദ്ദേശം. ഹൈപ്പർ ടെൻഷൻ, പ്രമേഹം എന്നിവ ഉള്ളവരുടെ എണ്ണത്തിലും സ്തനാർബുദം, സെർവിക്കൽ ക്യാൻസർ, ക്ഷയം എന്നിവ വരാൻ സാദ്ധ്യത ഉള്ളവരുടെ എണ്ണത്തിലും ജില്ലയിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. 1.77 ലക്ഷം പേർക്ക് ഹൈപ്പർടെൻഷനും 1.08 ലക്ഷം പേർക്ക് പ്രമേഹവും 91,868 പേർക്ക് പ്രമേഹത്തിനൊപ്പം ഹൈപ്പർ ടെൻഷനും സ്ഥിരീകരിച്ചു.
23,706 പേർക്കാണ് വിവിധ ക്യാൻസർ വരാൻ സാദ്ധ്യതയുള്ളത്. ഇതിൽ 14,896 പേർക്ക് സ്തനാർബുദ സാദ്ധ്യതയുണ്ട്. 4,634 പേർക്ക് സെർവിക്കൽ ക്യാൻസർ സാദ്ധ്യതയുണ്ട്. 4,176 പേർക്ക് വായിലെ (ഓറൽ) ക്യാൻസർ സാദ്ധ്യതയും കണ്ടെത്തി. ഇവരെ വിശദമായ പരിശോധനയ്ക്ക് അനുബന്ധ ആശുപത്രികളിലേക്ക് റഫർ ചെയ്തു. 24,719 പേർക്ക് ക്ഷയരോഗസാദ്ധ്യതയും 21,125 പേർക്ക് കുഷ്ഠരോഗ സാദ്ധ്യതയും കണ്ടെത്തി. 3.2 ലക്ഷം പേരെ കാഴ്ച സംബന്ധമായും 46,715 പേരെ കേൾവി സംബന്ധമായും സ്ക്രീനിംഗിന് റഫർ ചെയ്തു.
ആദ്യഘട്ട സർവ്വേ 12.9 ലക്ഷം പേരിൽ
2.49 ലക്ഷം പേർക്കാണ് അന്ന് ജീവിതശൈലി രോഗസാദ്ധ്യത കണ്ടെത്തിയത്
2024 ജൂലായ് പകുതിയോടെ ശൈലി രണ്ടാംഘട്ടം ആരംഭിച്ചു
രണ്ടാം ഘട്ടത്തിൽ കുഷ്ഠ രോഗം, കാഴ്ചക്കുറവ്, കേൾവിക്കുറവ്, മാനസികാരോഗ്യ പ്രശ്നങ്ങൾ, വയോജനങ്ങളുടെ ആരോഗ്യ പ്രശ്നങ്ങൾ എന്നിവ ഉൾപ്പെടുത്തി
ഇവയുടെ സാദ്ധ്യത സർവ്വേയും തുടർന്ന് സ്‌ക്രീനിംഗും തുടരുന്നു
രോഗസാദ്ധ്യത കണ്ടെത്തിയവരുടെ ജീവിതശൈലിയിൽ മാറ്റം വരുത്താൻ ഉപദേശം
വ്യായാമത്തിലൂടെയും രോഗങ്ങൾ വരാതെ നോക്കാൻ സാധിക്കും
ആരോഗ്യ പദ്ധതികളുടെ ആസൂത്രണത്തിനും ചികിത്സയ്ക്കും സഹായം
സർവേയോടൊപ്പം രോഗസാദ്ധ്യത കണ്ടെത്തുന്നവരുടെ സ്ക്രീനിംഗ് കൂടി നടത്തിയാണ് മുന്നോട്ട് പോകുന്നത് - ഡോ. ദിവ്യ ശശി, നോഡൽ ഓഫീസർ, നവകേരള കർമ്മപദ്ധതി