photo
കല്ലുംകടവിന് സമീപത്തെ ജംഗ്ഷൻ

പത്തനാപുരം: ജില്ലാ അതിർത്തിയായ പത്തനാപുരത്തെ കല്ലുംകടവിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു. പുനലൂർ-മൂവാറ്റുപുഴ, അടൂർ-പത്തനാപുരം റോഡുകൾ സംഗമിക്കുന്ന ഈ കവലയിൽ ട്രാഫിക് നിയന്ത്രണങ്ങൾ ഇല്ലാത്തതാണ് പ്രശ്നങ്ങൾക്ക് പ്രധാന കാരണം. ഇത് പതിവായതോടെ അപകടസാദ്ധ്യത വർദ്ധിക്കുന്നതായി നാട്ടുകാർ ആരോപിക്കുന്നു.

ഡ്രൈവർമാരും യാത്രക്കാരും ദുരിതത്തിൽ

പുനലൂർ, അടൂർ, കോട്ടയം, പത്തനംതിട്ട, ശബരിമല തുടങ്ങിയ വിവിധ ഭാഗങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾ ഈ ജംഗ്ഷനിലെത്തുമ്പോൾ നിയന്ത്രിക്കാൻ പൊലീസോ, മറ്റ് ട്രാഫിക് സംവിധാനങ്ങളോ ഇല്ലാത്തത് ഡ്രൈവർമാർക്കും യാത്രക്കാർക്കും വലിയ ബുദ്ധിമുട്ടാണുണ്ടാക്കുന്നത്. തിരുവനന്തപുരം, കൊട്ടാരക്കര, ആലപ്പുഴ തുടങ്ങിയ വിവിധ ഡിപ്പോകളിൽ നിന്നുള്ള കെ.എസ്.ആർ.ടി.സി ബസുകളടക്കം നിരവധി വാഹനങ്ങൾ കടന്നുപോകുന്ന പ്രധാന പാതയാണിത്. മൂന്ന് ദിശകളിൽ നിന്ന് വരുന്ന വാഹനങ്ങൾ സ്വയം നിയന്ത്രിച്ച് കടന്നുപോകേണ്ട അവസ്ഥയാണ്.

നടപടിയില്ല

കൊല്ലം, പത്തനംതിട്ട ജില്ലകളെ വേർതിരിക്കുന്ന ഈ പ്രധാന ജംഗ്ഷനിൽ ആവശ്യത്തിന് പൊലീസിനെ നിയോഗിക്കാനോ ട്രാഫിക് സംവിധാനം ഏർപ്പെടുത്താനോ അധികൃതർ തയ്യാറാകാത്തതിൽ വ്യാപകമായ പ്രതിഷേധമുണ്ട്. സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഈ ജംഗ്ഷനിൽ ട്രാഫിക് ഹൈലൻഡും സിഗ്നൽ ലൈറ്റും സ്ഥാപിക്കണമെന്ന ആവശ്യം വർഷങ്ങളായി നിലവിലുണ്ടെങ്കിലും നടപടിയുണ്ടായിട്ടില്ല. പത്തനംതിട്ട ജില്ല രൂപീകരിക്കപ്പെട്ടതിന് ശേഷവും ഈ വിഷയത്തിൽ യാതൊരു പുരോഗതിയുമില്ലെന്ന് ആക്ഷേപമുണ്ട്.

ട്രാഫിക് നിയന്ത്രണം ഇല്ലാത്തത് കാരണം തുടർച്ചയായ ഗതാഗത തടസങ്ങളും അപകടങ്ങളും ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. അത് എത്രയും വേഗം പരിഹരിക്കണം.

നാട്ടുകാർ