പുത്തൂർ: യുവാവിനെ തിരുവോണ ദിവസം രാത്രി യുവാവിനെ വീട്ടിലെത്തി കുത്തിക്കൊന്ന കേസിൽ അയൽവാസി അറസ്റ്റിൽ. പുത്തൂർ തേവലപുറം മാറനാട് കുഴക്കാട് പേർഷ്യൻ മുക്കിൽ ചോതി നിവാസിൽ ശ്യാം സുന്ദറിനെയാണ് (42) അയൽവാസി ധനേഷ് മന്ദിരത്തിൽ ധനേഷ് (38) കൊലപ്പെടുത്തിയത്.
പൊലീസ് പറയുന്നത്: രാത്രി 11:30 നാണ് സംഭവം. മുൻ വൈരാഗ്യമാണ് കൊലപാതകത്തിനുള്ള കാരണം എന്നതാണ് പ്രാഥമിക നിഗമനം. ശ്യാമിന്റെ ഭാര്യ പ്രതിയായ ധനേഷിനൊപ്പം വർഷങ്ങൾക്കു മുമ്പ് ഇറങ്ങിപ്പോവുകയും പിന്നീട് മരണമടയുകയും ചെയ്തിരുന്നു. ശ്യാം ഇപ്പോൾ താമസിക്കുന്ന സ്ഥലവുമായി ബന്ധപ്പെട്ട് ഇരുകൂട്ടരും തമ്മിൽ തർക്കമുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ വാക്കേറ്റവുമുണ്ടായി. വെള്ളിയാഴ്ച രാത്രിയോടെ ശ്യാം സുന്ദറിന്റെ വീട്ടിലെത്തിയ ധനേഷ് വഴക്കുണ്ടാക്കുകയും കൈയിൽ കരുതിയിരുന്ന കറിക്കത്തി ഉപയോഗിച്ച് കുത്തുകയുമായിരുന്നു. തുടർന്ന് സുഹൃത്തിനെ ഫോണിൽ വിളിച്ച് താൻ ശ്യാം സുന്ദറിന് ഒരു പണികൊടുത്തിട്ടുണ്ടെന്ന് പറഞ്ഞു. വിവരമറിഞ്ഞ് രാത്രിയിൽ തന്നെ പുത്തൂർ പൊലീസ് പ്രതിയെ വീടിന് സമീപത്തുനിന്ന് കസ്റ്റഡിയിലെടുത്തു. പ്രതി ഉപയോഗിച്ച ആയുധവും സമീപത്തു നിന്നു കണ്ടെടുത്തു. ധനേഷ് കൊട്ടാരക്കര കെ.എസ്.അർ.ടി.സി സ്വിഫ്റ്റ് ബസിലെ താത്കാലിക ഡ്രൈവറാണ്. കൊട്ടാരക്കര ഡിവൈ.എസ്.പി ജി.ബി മുകേഷിന്റെ മേൽനോട്ടത്തിൽ പുത്തൂർ സി.ഐ ബാബു കുറുപ്പ്, എസ്.ഐ ജയേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ശ്യാംസുന്ദറിന്റെ മൃതദേഹം പാരിപ്പള്ളി മെഡി. ആശുപത്രിയിൽ പോസ്റ്റ്മാർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു.