കൊല്ലം: ദേശീയപാതയിൽ തിരക്കേറിയ കല്ലുംതാഴം ജംഗ്ഷനിൽ ബസ് കാത്തിരിപ്പ് കേന്ദ്രം ഇല്ലാത്തതിനാൽ ചുട്ടുപൊള്ളുന്ന വെയിലത്തും കനത്ത മഴയിലും ഇവയെല്ലാം സഹിച്ച് യാത്രക്കാർ ബസ് കാത്തു നിൽക്കേണ്ട അവസ്ഥ.
കയറി നിൽക്കാൻ സമീപത്ത് ഒരു കട പോലും ഇവിടെയില്ല. നേരത്തെ ഇവിടെ നിന്നിരുന്ന ആൽമരമായിരുന്നു യാത്രക്കാരുടെ ഏക ആശ്രയം. മഴക്കാലത്ത് അതിന്റെ ചില്ലകൾ ഒടിഞ്ഞ് വീണതോടെ അധികൃതർ ഇടപെട്ട് അത് പൂർണമായി വെട്ടിമാറ്റി. ഇതോടെയാണ് കാത്തിരിപ്പ് കേന്ദ്രം വേണമെന്ന ആവശ്യം ശക്തമായത്.
ഇവിടെത്തെന്നെ കൊല്ലം ഭാഗത്തേക്ക് പോകാൻ നിൽക്കുന്നിടത്തും കാത്തിരിപ്പ് കേന്ദ്രമില്ല. എന്നാൽ ഈ ഭാഗത്ത് നിറയെ വ്യാപാരസ്ഥാപനങ്ങൾ ഉള്ളതിനാൽ അവിടങ്ങളിലാണ് യാത്രക്കാർ കയറി നിൽക്കാറുള്ളത്. നിരവധിയാളുകൾ കടത്തിണ്ണകളിൽ ബസ് കാത്തുനിൽക്കുന്നതു കാണാം. കടകൾക്ക് മുന്നിൽ തിരക്കായാൽ വ്യാപാരികൾക്കും ബുദ്ധിമുട്ടാണ്. വിദ്യാർത്ഥികളും പ്രായമായവരും കൈക്കുഞ്ഞുങ്ങളുമായി വരുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ളവരും ഇവിടെ ബസ് കാത്തു നിന്ന് വലയുകയാണ്. ഇരിക്കാൻ യാതൊരു നിർവാഹവുമില്ല. ബസ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കാതെ ഈ പ്രതിസന്ധിക്ക് പരിഹാരമാവില്ലെന്ന് നാട്ടുകാർ പറയുന്നു.
ബസ് കാത്തിരിപ്പ് കേന്ദ്രം വേണമെന്നാവശ്യപ്പെട്ട് നാട്ടുകാർ നിരവധി തവണ പരാതി നൽകിയിട്ടുണ്ടെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് ഇതുവരെ നടപടിയൊന്നും ഉണ്ടായില്ല. ഉടൻതന്നെ താത്കാലികമായെങ്കിലും ഒരു കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കണമെന്നാണ് ഇപ്പോഴത്തെ ആവശ്യം.
ഇവിടെ റോഡിന്റെ രണ്ട് ഭാഗത്തും കാത്തിരിപ്പ് കേന്ദ്രം ഇല്ല. ഇത് ജനങ്ങൾക്ക് വളരെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.പ്രശ്ന പരിഹാരത്തിന് വേണ്ട നടപടികൾ സ്വീകരിക്കും
ബി.സാബു, ഡിവിഷൻ കൗൺസിലർ