കൊല്ലം: പരവൂർ ഒല്ലാൽ റെയി​ൽവേ മേൽപ്പാലം (ആർ.ഒ.ബി​) നിർമ്മാണത്തിന് ഒരേ സർവ്വേ നമ്പരിൽ നിന്ന് ഏറ്റെടുക്കേണ്ടി വരുന്ന ഭൂമിയുടെ വിശദാംശങ്ങൾ ഉൾപ്പെടുത്തിയുള്ള സ്ഥലമേറ്റെടുക്കൽ പ്ളാൻ ഉടൻ തയ്യാറാവും. സർവേ പ്ലാൻ അടിസ്ഥാനമാക്കിയാകും സ്ഥലമേറ്റെടുക്കലിനുള്ള പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിക്കുക.

തുടർന്ന് നിർവഹണ ഏജൻസിയായ ആർ.ബി.ഡി.സി.കെയും റവന്യു വകുപ്പ് ഉദ്യോഗസ്ഥരും സംയുക്തമായി, ഏറ്റെടുക്കുന്ന ഭൂമിയുടെ അതിർത്തി വേർതിരിച്ച് കല്ലുകൾ സ്ഥാപിക്കും. വളവ് ഒഴിവാക്കാൻ നിലവിലെ റെയിൽവേ ഗേറ്റിൽ നിന്ന് നൂറ് മീറ്ററിലേറെ മാറിയാണ് ആർ.ഒ.ബി നിർമ്മിക്കുന്നത്. ഒല്ലാൽ ആർ.ഒ.ബി എന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. നിർമ്മാണത്തിന് പലതവണ പദ്ധതി തയ്യാറാക്കി​യി​രുന്നെങ്കി​ലും മുന്നോട്ട് നീങ്ങാതെ ഉപേക്ഷിക്കുകയായിരുന്നു. 2018ലാണ് ഇപ്പോഴത്തെ പദ്ധതിക്ക് ഭരണാനുമതിയായത്.

ഒല്ലാൽ റെയിൽവേ ഗേറ്റിന് മുന്നിൽ നിലവിൽ ഗതാഗത സ്തംഭനം പതിവാണ്. ഒന്നര വർഷത്തിനകം ആർ.ഒ.ബിയുടെ നിർമ്മാണം ആരംഭിക്കാനാകുമെന്നാണ് ഇപ്പോഴത്തെ കണക്കുകൂട്ടൽ

 ജി.എ.ഡിക്ക് അംഗീകാരം ഉടൻ

റെയിൽവേ ലൈനിന് മുകളിലുള്ള ആർ.ഒ.ബി​ ഭാഗത്തെ രൂപരേഖയായ ജനറൽ അറേഞ്ച്മെന്റ് ഡ്രായിംഗിന് വൈകാതെ റെയിൽവേയുടെ അംഗീകാരം ലഭിക്കും. ജി.എ.ഡിക്ക് അനുമതി ലഭിച്ചാൽ മാത്രമേ സ്ഥലമേറ്റെടുക്കൽ നടപടികളുമായി മുന്നോട്ടുപോകാൻ കഴി​യൂ. 2023 ഡിസംബറിലാണ് ജി.എ.ഡി റെയിൽവേയ്ക്ക് കൈമാറിയത്. ഇതിനിടെ റെയിൽവേ നിർദ്ദേശിച്ച പല മാറ്റങ്ങളും വരുത്തി. ഇക്കഴിഞ്ഞ ജൂണിലാണ് ഏറ്റവും ഒടുവിൽ സമർപ്പിച്ചത്.

................................

അപ്രോച്ച് റോഡ് സഹിതം നീളം: 513 മീറ്റർ
വീതി: 10.20 മീറ്റർ
പദ്ധതി തുക: 36.75 കോടി