കൊല്ലം: ശ്രീനാരായണ ഗുരുദേവന്റെ 171-ാമത് ജയന്തിയോടനുബന്ധിച്ച് എസ്.എൻ.ഡി.പി
പ്രകാശഭരിതമായ ഗുരുദേവ രഥങ്ങളും ഹൃദയം കുളിർപ്പിക്കുന്ന നിശ്ചലദൃശ്യങ്ങളും കലാരൂപങ്ങളും വാദ്യമേളങ്ങളും വർണക്കുടകളും ഘോഷയാത്രയെ വർണാഭവും ഭക്തിസാന്ദ്രവുമാക്കി.
വർണവിസ്മയ കാഴ്ചകളുടെ വരവറിയിച്ച് കൊല്ലം സിംസ് അങ്കണത്തിൽ വൈകിട്ട് അഞ്ചരയോടെ പഞ്ചവാദ്യം മുഴങ്ങി. തൊട്ടുപിന്നാലെ മാരിവില്ലഴകിൽ ഗുരുദേവരഥം. അതിന് പിന്നിലായി എസ്.എൻ.ഡി.പി യോഗത്തിന്റെയും എസ്.എൻ ട്രസ്റ്റിന്റെയും ബാനറിന് കീഴിൽ യൂണിയൻ, ട്രസ്റ്റ് ഭാരവാഹികൾ. അതിന് പിന്നിലായി തെയ്യം, ചെണ്ട, പൂക്കാവടി, ശലഭക്കാവടി, ബാൻഡ് അടക്കമുള്ള കലാരൂപങ്ങൾ വീഥിയിൽ നിറഞ്ഞു. തുടർന്ന് എസ്.എൻ ട്രസ്റ്റ് സ്ഥാപനങ്ങളുടെയും എസ്.എൻ.ഡി.പി യോഗം ശാഖകളുടെയും ബാനറുകൾക്ക് കീഴിൽ നൂറുകണക്കിന് ശ്രീനാരായണീയർ പീത പതാകകളേന്തി ഗുരുദേവ മന്ത്രങ്ങൾ ചൊല്ലി മഹാസമ്മേളന വേദിയിലേക്ക് നടന്നുനീങ്ങി. വിവിധ ശാഖകൾ ഏർപ്പെടുത്തിയ ചെണ്ടമേളക്കാരും ബാൻഡ് സംഘങ്ങളും ഘോഷയാത്രയിൽ കൊട്ടിത്തിമിർത്ത് ആവേശം വിതറി. ഇടയ്ക്കിടെ ഗുരുദേവ കീർത്തനങ്ങളുമായി ഗുരുദേവരഥങ്ങൾ കടന്നുവന്നു. പുരാണ കഥാസന്ദർഭങ്ങൾ ആസ്പദമാക്കിയുള്ള ഫ്ലോട്ടുകളും ഘോഷയാത്രയ്ക്ക് മിഴിവേകി.
ചരിത്ര പങ്കാളിത്തം
ഘോഷയാത്രയിൽ പങ്കെടുക്കാൻ വൈകിട്ട് മൂന്നരയോടെ തന്നെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലെ ശാഖകളിൽ നിന്നു വാഹനങ്ങളിലും കാൽനടയായും ശ്രീനാരായണീയർ സിംസ് അങ്കണത്തിലേക്ക് എത്തിത്തുടങ്ങിയിരുന്നു. ചരിത്രത്തിലേക്ക് നടന്നുകയറുന്ന പങ്കാളിത്തണമാണ് ഇത്തവണത്തെ ജയന്തി ഘോഷയാത്രയിൽ ഉണ്ടായിരുന്നത്. ഘോഷയാത്രയുടെ മുൻനിര സമ്മേളന നഗരിയായ എസ്.എൻ കോളേജിലെത്തിയിട്ടും പിൻനിര സിംസ് വളപ്പിൽ നിന്നു പുറപ്പെട്ടിരുന്നില്ല. ചിന്നക്കടയിലെ ആർ. ശങ്കർ സ്ക്വയറിൽ പുഷ്പാർച്ചനയ്ക്ക് ശേഷം ഘോഷയാത്ര ചിന്നക്കട, റെയിൽവേ സ്റ്റേഷൻ വഴി സമ്മേളനവേദിയായ കൊല്ലം എസ്.എൻ കോളേജിലെത്താൻ മൂന്ന് മണിക്കൂറിലേറെ വേണ്ടിവന്നു.
എസ്.എൻ ട്രസ്റ്റ് ട്രഷറർ ഡോ. ജി. ജയദേവൻ, യൂണിയൻ പ്രസിഡന്റ് മോഹൻശങ്കർ, സെക്രട്ടറി എൻ. രാജേന്ദ്രൻ, വൈസ് പ്രസിഡന്റ് അഡ്വ. രാജീവ് കുഞ്ഞുകൃഷ്ണൻ, എസ്.എൻ.ഡി.പി യോഗം കൗൺസിലർ പി. സുന്ദരൻ, യോഗം ബോർഡ് അംഗം ആനേപ്പിൽ എ.ഡി. രമേശ്, യൂണിയൻ കൗൺസിലർമാരായ ബി. വിജയകുമാർ, പുണർതം പ്രദീപ്, ബി. പ്രതാപൻ, നേതാജി ബി. രാജേന്ദ്രൻ, ഷാജി ദിവാകർ, എം. സജീവ്, യൂണിയൻ പഞ്ചായത്ത് അംഗങ്ങളായ അഡ്വ. എസ്. ഷേണാജി, ജി. രാജ്മോഹൻ, ഇരവിപുരം സജീവൻ, വനിതാസംഘം യൂണിയൻ പ്രസിഡന്റ് ഡോ. എസ്. സുലേഖ, സെക്രട്ടറി ഷീല നളിനാക്ഷൻ, യൂത്ത് മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് രഞ്ജിത്ത് രവീന്ദ്രൻ, യൂണിയൻ പ്രസിഡന്റ് എസ്. അഭിലാഷ്, കൊല്ലം ആർ.ഡി.സി ചെയർമാൻ അനൂപ് എം.ശങ്കർ, കൺവീനർ ഡോ. സി. അനിതാശങ്കർ, ശ്രീനാരായണഗുരു എംപ്ലോയീസ് കൗൺസിൽ സംസ്ഥാന കോ- ഓർഡിനേറ്റർ പി.വി. രജിമോൻ, സംസ്ഥാന പ്രസിഡന്റ് ഡോ. എസ്. വിഷ്ണു, കൊല്ലം ആർ.ഡി.സി മുൻ കൺവീനർ മഹിമ അശോകൻ, ട്രസ്റ്റ് ബോർഡ് അംഗങ്ങൾ, ശാഖ, വനിതാസംഘം, യൂത്ത്മൂവ്മെന്റ്, സൈബർസേന, മൈക്രോ ക്രെഡിറ്റ് തുടങ്ങിയവയുടെ ഭാരവാഹികൾ, പ്രവർത്തകർ, എസ്.എൻ ട്രസ്റ്റിന്റെ വിവിധ സ്ഥാപനങ്ങളിലെ അദ്ധ്യാപകർ, അനദ്ധ്യാപകർ, ജീവനക്കാർ തുടങ്ങിയവർ ഘോഷയാത്രയ്ക്ക് നേതൃത്വം നൽകി.