ഓച്ചിറയിൽ അപകടത്തിൽ മരിച്ച യുവാവിനും രണ്ടുമക്കൾക്കും വിടചൊല്ലി ഗ്രാമം

കൊല്ലം: മടക്കമില്ലാത്ത യാത്രയിലേക്ക് ഉറക്കത്തിലെന്നപോലെ കിടന്ന ആ അച്ഛനും രണ്ടു മക്കൾക്കും നാടിന്റെ, കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. മൂവരെയും ഒരുനോക്ക് കാണാൻ നാടൊന്നാകെ ഒഴുകിയെത്തുകയായിരുന്നു.

ഓച്ചിറ വലിയകുളങ്ങരയിൽ ഥാർ ജീപ്പും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് മരണമടഞ്ഞ തേവലക്കര പടിഞ്ഞാറ്റക്കര പൈപ്പ്മുക്ക് പ്രിൻസ് വില്ലയിൽ പ്രിൻസ് തോമസ് (44), മകൻ അതുൽ പ്രിൻസ് തോമസ് (14), ഇളയ മകൾ അൽക്ക സാറാ പ്രിൻസ് (6) എന്നിവരുടെ സംസ്കാര ചടങ്ങുകളാണ് നാടിന്റെ നൊമ്പരമായത്. ആയിരങ്ങളുടെ സാന്നിദ്ധ്യത്തിൽ മാരാരിത്തോട്ടം കുട്ടപ്പൻ ജംഗ്ഷനിലെ ആരോഗ്യ കേന്ദ്രത്തിലും തുടർന്ന് പടിഞ്ഞാറ്റക്കര മുളയ്ക്കൽ എൽ.പി.എസിലും പൊതുദർശനം നടന്നു. സഹപാഠികളും സുഹൃത്തുകളും അദ്ധ്യാപകരും പ്രിൻസിന്റെ സ്ഥാപനത്തിലെ ജീവനക്കാരും ഉൾപ്പെടെ ഓർമകൾ പങ്കുവച്ചു. സങ്കടം കാരണം പലരുടെയും തൊണ്ട ഇടറി, ചിലരുടെ വാക്കുകൾ മുറിഞ്ഞു. വെയിലിൽ വാടിയും ദുഃഖത്താൽ തളർന്നും പലരും ക്ഷീണിതരായി .

അൽകയും അതുലും ഓടിക്കളിച്ച പ്രിൻസ് വില്ലയിൽ ദുഃഖം തളംകെട്ടി നിന്നു. വീട്ടുമുറ്റത്തു കെട്ടിയ പന്തലിനടിയിൽ മൂന്ന് ഡെസ്‌കുകൾ വെള്ളത്തുണിവിരിച്ച് ഇട്ടിരുന്നു. ഒന്നേമുക്കാലോടെ വരിവരിയായി ആംബുലൻസ് വീട്ടിലേക്ക് എത്തി. പ്രിൻസ് തോമസിന്റെ ഭൗതികശരീരമാണ് ആദ്യം ആബുലൻസിൽ നിന്ന് പുറത്തിറക്കിയത് . തുടർന്ന് മകൻ അതുൽ, ഏറ്റവും ഒടുവിൽ ഇളയ മകൾ അൽക്ക സാറാ. കളിച്ചിരികളുടെ ഓർമകൾ നിറഞ്ഞ തങ്ങളുടെ പ്രിയപ്പെട്ട വീടിന്റെ പടികൾ താണ്ടി മൂവരും അവസാനമായി വീടിനുള്ളിലേക്ക് എത്തി. പ്രിൻസിന്റെ ഇടവും വലവുമായി അതുലിനെയും അൽകയേയും ചേർത്തു കിടത്തി.

കണ്ണീരക്കയത്തിൽ വീട്

ഒന്നിച്ചുള്ള യാത്രയിൽ നിന്ന് എന്നന്നേക്കുമായി നഷ്ടമായ തന്റെ പ്രിയതമനെയും പൊന്നോമനക്കളെയും നിർവികാരയായി തലോടിയും ഉമ്മവച്ചും അരികിൽ നിന്ന ബിന്ധ്യ കരളലിയിക്കുന്ന കാഴ്ചയായി. പ്രിൻസിന്റെ അമ്മ മറിയാമ്മ തോമസ് കരഞ്ഞ് തളർന്നിരിക്കുന്നു. വിങ്ങിപ്പൊട്ടിയ ഉറ്റവരെ എങ്ങനെ സമാധാനിപ്പിക്കണമെന്നറിയാതെ ചുറ്റും നിന്നവർ വിഷമിച്ചു. അച്ഛനും കൂടപ്പിറപ്പുകളും തന്നെ വിട്ടുപോയതറിയാതെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രി വെന്റിലേറ്ററിൽ ഗുരുതരപരിക്കുകളോടെ കഴിയുകയാണ് മറ്റൊരു മകൾ ഐശ്വര്യ. മൈക്ക് അനൗൺസ്‌മെന്റ് നൽകിയും മറ്റുമാണ് തിരക്ക് നിയന്ത്രിച്ചത്. 2.45 ഓടെ പ്രാർത്ഥനകൾക്ക് ശേഷം വീട്ടിൽ നിന്നെടുത്ത ഭൗതിക ശരീരങ്ങൾ സംസ്കാര ശുശ്രൂഷകൾക്ക് ശേഷം തേവലക്കര മർത്തമറിയം ഓർത്തഡോക്‌സ് സുറിയാനിപ്പള്ളി ആൻഡ് മാർ ആബോ തീർത്ഥാടന കേന്ദ്രത്തിലെ സെമിത്തേരിയിൽ അടക്കി. മന്ത്രി കെ.എൻ.ബാലഗോപാൽ, എം.എൽ.എമാരായ ഡോ.സുജിത്ത് വിജയൻ പിള്ള, കോവൂർ കുഞ്ഞുമോൻ തുടങ്ങിയവർ വീട്ടിലെത്തി അന്ത്യോപചാരം അർപ്പിച്ചിരുന്നു.


ഉത്രാടദിനത്തിൽ പുലർച്ചെ 6.15 ഓടെയാണ് പ്രിൻസും കുടുംബവും സഞ്ചരിച്ചിരുന്ന ഥാർ കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചറിലേക്ക് ഇടിച്ചുകയറി അപകടം ഉണ്ടായത് . സന്തോഷത്തോടെയുള്ള യാത്ര ദുരന്തത്തിൽ അവസാനിച്ചപ്പോൾ അഞ്ചുപേരടങ്ങുന്ന ആ കുടുംബത്തിൽ വിധി ബാക്കിയാക്കിയത് ബിന്ദ്യയേയും മൂത്തമകൾ ഐശ്വര്യയേയും മാത്രമായിരുന്നു.