കൊല്ലം: കേരളചരിത്രം തിരുത്തിക്കുറിച്ച മഹാരഥനാണ് ശ്രീനാരായണ ഗുരുദേവനെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. ശ്രീനാരായണ ഗുരുദേവന്റെ 171-ാമത് മഹാജയന്തി ആഘോഷത്തിന്റെ ഭാഗമായി എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയന്റെയും എസ്.എൻ ട്രസ്റ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ കൊല്ലം എസ്.എൻ കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന മഹാജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കാലം ചെല്ലുന്തോറും ഗുരുദേവന്റെയും ഗുരുദേവദർശനത്തിന്റെയും പ്രസക്തി വർദ്ധിക്കുകയാണ്. ഗുരുദേവൻ ലോകനായകനാണ്. അവർണർക്ക് സ്വതന്ത്രമായി സഞ്ചരിക്കാനും വിദ്യ അഭ്യസിക്കാനും മാന്യമായി വസ്ത്രം ധരിക്കാനും ഈശ്വരാരാധന നടത്താനും അവകാശം നിഷേധിക്കപ്പെട്ടിരുന്ന കാലം കേരളത്തിലുണ്ടായിരുന്നു. ഈ ഇരുണ്ട കാലത്തെ അട്ടിമറിച്ച നവോത്ഥാന നായകനാണ് ഗുരുദേവൻ. ലോകത്തിന്റെ പല ഭാഗങ്ങളിലും യുദ്ധങ്ങളും അരക്ഷിതാവസ്ഥയും നിലനിൽക്കുന്നു. ഇത്തരം പ്രശ്നങ്ങൾക്കെല്ലാം പരിഹാരമായി ഗുരുദേവദർശനം കൂടുതൽ ജനങ്ങളിലേക്ക് പടരണമെന്നും അദ്ദേഹം പറഞ്ഞു.

യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എൻ. രാജേന്ദ്രൻ സ്വാഗതം പറഞ്ഞു. എം. നൗഷാദ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. ഘോഷയാത്രയിൽ മികച്ച പ്രകടനം കാഴ്ചവച്ച ശാഖകൾ, എസ്.എൻ ട്രസ്റ്റ് സ്ഥാപനങ്ങൾ, കലാമത്സര വിജയികൾ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾ എന്നിവർക്കുള്ള സമ്മാനങ്ങൾ മേയർ ഹണി ബഞ്ചമിൻ വിതരണം ചെയ്തു.

യൂണിയൻ വൈസ് പ്രസിഡന്റ് അഡ്വ. രാജീവ് കുഞ്ഞുകൃഷ്ണൻ, യോഗം കൗൺസിലർ പി. സുന്ദരൻ, സി.പി.എം ജില്ലാ സെക്രട്ടറി എസ്. സുദേവൻ, യോഗം ബോർഡ് അംഗം ആനേപ്പിൽ എ.ഡി. രമേഷ്, വനിതാ സംഘം കൊല്ലം യൂണിയൻ പ്രസിഡന്റ് ഡോ. എസ്. സുലേഖ, യൂത്ത് മൂവ്മെന്റ് കൊല്ലം യൂണിയൻ പ്രസിഡന്റ് എസ്. അഭിലാഷ്, യൂണിയൻ കൗൺസിലർമാരായ അഡ്വ. കെ. ധർമ്മരാജൻ, ബി. വിജയകുമാർ, പുണർതം പ്രദീപ്, ബി. പ്രതാപൻ, നേതാജി ബി. രാജേന്ദ്രൻ, ഷാജി ദിവാകർ, എം. സജീവ്, യൂണിയൻ പഞ്ചായത്ത് അംഗങ്ങളായ അഡ്വ. എസ്. ഷേണാജി, ജി. രാജ്മോഹൻ, ഇരവിപുരം സജീവൻ, കൊല്ലം ആർ.ഡി.സി കൺവീനർ ഡോ. സി. അനിതാശങ്കർ എന്നിവർ സംസാരിച്ചു. കൊല്ലം ആർ.ഡി.സി ചെയർമാൻ അനൂപ് എം.ശങ്കർ നന്ദി പറഞ്ഞു.