chathanoor

ചാത്തന്നൂർ: ശ്രീനാരായണ ഗുരുദേവ ദർശനത്തിന്റെ അന്തസത്ത ഉൾകൊണ്ടാണ് ദേശീയ വിദ്യാഭ്യാസനയത്തിന് രൂപം നൽകിയിട്ടുള്ളതെന്ന് ശ്രീ നാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ. വി.പി.ജഗതിരാജ് പറഞ്ഞു. എസ്.എൻ.ഡി.പി യോഗം ചാത്തന്നൂർ ആർ.ശങ്കർ സ്മാരക യൂണിയൻ സംഘടിപ്പിച്ച ഗുരുദേവ ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പതിറ്റാണ്ടുകൾ മുൻപ് ശ്രീ നാരായണ ഗുരു വിഭാവനം ചെയ്ത വിദ്യാഭ്യാസവും തൊഴിലുമാണ് സാമൂഹിക പുരോഗതിക്ക് വേണ്ടതെന്ന കാഴ്ചപ്പാടിന്റെ പുതിയ കാലത്തെ രൂപങ്ങളാണ് സ്റ്റാർട്ടപ്പുകളും ഏൺഡ് ബൈ ലേണിംഗ് തൊഴിലധിഷ്ഠിത വിദ്യാഭ്യാസവും. ഇംഗ്ലീഷ് പഠനത്തിന് പ്രാധാന്യം നൽകണമെന്ന ദീർഘവീക്ഷണമായിരുന്നു അദ്ദേഹത്തിന്റേത്. ദേവഭാഷയായ സംസ്കൃതം അധമമെന്ന് കരുതുന്നവരും പഠിക്കണമെന്ന് അദ്ദേഹം നിർബന്ധിച്ചിരുന്നു. അയിത്തം ഉന്മൂലനം ചെയ്യാനും സമൂഹത്തിന്റെ പുരോഗതിക്കായി വ്യവസായം തുടങ്ങണമെന്നും ഗുരുദേവൻ ഉപദേശിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

യൂണിയൻ പ്രസിഡന്റ് ബി.ബി. ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രതിഭാസംഗമം കൊട്ടിയം എസ്.എൻ പോളിടെക്നിക് പ്രിൻസിപ്പൽ വി. സന്ദീപ് ഉദ്ഘാടനം ചെയ്തു. ചാത്തന്നൂർ എസ്.എൻ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. വിനോദ് സി സുഗതൻ, ചാത്തന്നൂർ എസ്.എൻ ട്രസ്റ്റ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ ബി. രശ്മി, കൊട്ടിയം എസ്.എൻ ഐ.ടി.ഐ പ്രിൻസിപ്പൽ എസ്. കനകമ്മ എന്നിവർ അവാർഡ്ദാനം നിർവഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് ഡി. സജീവ്, വനിതാ യൂണിയൻ പ്രസിഡന്റ് ചിത്ര മോഹൻദാസ്, വനിതാ യൂണിയൻ സെക്രട്ടറി ബിന പ്രശാന്ത്, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് അശ്വിൻ അശോക്, സെക്രട്ടറി ജെ. ആരോമൽ തുടങ്ങിയവർ സംസാരിച്ചു. യൂണിയൻ സെക്രട്ടറി കെ.വിജയകുമാർ സ്വാഗതവും അസി. സെക്രട്ടറി കെ. നടരാജൻ നന്ദിയും പറഞ്ഞു.