കൊല്ലം: തെങ്ങുകയറ്റ യന്ത്രത്തിൽ തലകീഴായി ഏറെനേരം അപകടവസ്ഥയിൽ തൂങ്ങിക്കിടന്നയാളെ രക്ഷപ്പെടുത്തി. ഇന്നലെ ഉച്ചയോടെ കൂട്ടിക്കട അമ്മച്ചിമുക്കിൽ തൊടിയിൽ പടിഞ്ഞാറ്റേതിൽ സലീമിന്റെ പറമ്പിൽ തേങ്ങയിടാൻ കയറിയ കൂട്ടിക്കട സുനാമിഫ്ലാറ്റിൽ ഷമീറിനെയാണ് (59) നാട്ടുകാരും ഫയർ ഫോഴ്‌സും ചേർന്ന് രക്ഷപ്പെടുത്തിയത്. 50 അടിയോളം ഉയരമുള്ള തെങ്ങിന്റെ 45 അടി ഉയരത്തിലാണ് ഷമീർ തേങ്ങുകയറ്റ യന്ത്രത്തിൽ ഒറ്റക്കാലിൽ തൂങ്ങിക്കിടന്നത്.നാട്ടുകാർ ഏറെ പരിശ്രമിച്ചിട്ടും രക്ഷിക്കാൻ കഴിയാതായതോടെ കൊല്ലം ഫയർ ഫോഴ്‌സിൽ വിവരം അറിയിച്ചു.തുടർന്ന് തെങ്ങിൽ കയറി റോപ് ഉയോഗിച്ച് ഏറെ പരിശ്രമങ്ങൾക്ക് ഒടുവിലാണ് ഷമീറിനെ രക്ഷപ്പെടുത്തിയത്. സ്റ്റേഷൻ ഓഫീസർ ശിവകുമാർ,ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സുനിൽ കുമാർ,പാര റെസ്ക്യൂ ഓഫീസർമാരായ ലിഞ്ജു ദാസ്, സുരേഷ് കുമാർ,ആർ. രഞ്ജിത് എന്നിവർ നേതൃത്വം നൽകി.