ക്ളാപ്പന : സി.പി.എം കരുനാഗപ്പള്ളിയിലെ സംഘടനാപരമായ പ്രശ്നങ്ങൾ ചർച്ച ചെയ്യാനും പരിഹാരം കാണാനും വേണ്ടി കൊല്ലം ജില്ലാ സെക്രട്ടേറിയറ്റും ജില്ലാ കമ്മിറ്റിയും ഇന്ന് കൊല്ലം ജില്ലാ കമ്മിറ്റി ഓഫീസിൽ യോഗം ചേരും. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ പുത്തലത്ത് ദിനേശൻ, കെ.എൻ. ബാലഗോപാൽ, കേന്ദ്ര കമ്മിറ്റി അംഗം സി.എസ്.സുജാത എന്നിവരുടെ നേതൃത്വത്തിലാണ് യോഗം. ജില്ലയിൽ നിന്നുള്ള സംസ്ഥാന കമ്മിറ്റി അംഗങ്ങളും യോഗങ്ങളിൽ പങ്കെടുക്കും.
ഏകദേശം 9 മാസമായി നിലവിലുള്ള അഡ്ഹോക്ക് കമ്മിറ്റിക്ക് പകരം പുതിയ ഏരിയാ കമ്മിറ്റിയെയും സെക്രട്ടറിയെയും തിരഞ്ഞെടുക്കുക എന്നതാണ് യോഗത്തിലെ പ്രധാന അജണ്ട. ഇതിനുപുറമെ, ജില്ലാ കമ്മിറ്റിയിൽ കരുനാഗപ്പള്ളിയിൽ നിന്ന് ആരെ ഉൾപ്പെടുത്തണം, സമ്മേളനങ്ങളുമായി ബന്ധപ്പെട്ട അച്ചടക്ക ലംഘനങ്ങളിൽ ആർക്കൊക്കെതിരെ നടപടിയെടുക്കണം, ജില്ലാ കമ്മിറ്റികളിൽ നിന്ന് ഒഴിവാക്കപ്പെട്ട സി.രാധാമണി, പി.ആർ. വസന്തൻ, പി.കെ.ബാലചന്ദ്രൻ, ബി.ഗോപൻ എന്നിവരെ ഏത് ഘടകത്തിൽ ഉൾപ്പെടുത്തണം, സമ്മേളനം റദ്ദാക്കിയ ഏഴ് ലോക്കലുകളിൽ പുതിയ കമ്മിറ്റികളെ രൂപീകരിക്കുന്നതിനുള്ള നിലപാടുകൾ സ്വീകരിക്കുക എന്നിവയും യോഗം ചർച്ച ചെയ്യും.
അഡ്ഹോക്ക് കമ്മിറ്റി തയ്യാറാക്കി നൽകിയ റിപ്പോർട്ട് യോഗത്തിൽ വിശദമായി ചർച്ച ചെയ്യും. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാൽ സംസ്ഥാന കമ്മിറ്റി അംഗങ്ങളെ തടഞ്ഞുവച്ച സംഭവത്തിലോ, ഏരിയാ കമ്മിറ്റി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയവരുടെ പേരിലോ കടുത്ത നടപടികൾക്ക് സാദ്ധ്യതയില്ലെന്ന് കരുതുന്നു. സെക്രട്ടറി സ്ഥാനത്തേക്ക് പുറത്തുനിന്നുള്ള ഒരു ജില്ലാ സെക്രട്ടേറിയറ്റ് അംഗത്തെ പരിഗണിക്കാനാണ് സാദ്ധ്യതയെന്നാണ് സൂചന.
യോഗ നടപടികൾ ഘട്ടംഘട്ടമായാണ് നടക്കുക. ആദ്യം പങ്കെടുക്കുന്ന സംസ്ഥാന കമ്മിറ്റി അംഗങ്ങൾ പ്രത്യേക യോഗം ചേർന്ന് സ്വീകരിക്കേണ്ട നിലപാടുകൾ തീരുമാനിക്കും. തുടർന്ന് ജില്ലാ സെക്രട്ടേറിയറ്റ് യോഗം ചേർന്നതിന് ശേഷം ജില്ലാ കമ്മിറ്റി ചർച്ച ചെയ്ത് അന്തിമ തീരുമാനം എടുക്കും. ഈ തീരുമാനങ്ങൾക്ക് സംസ്ഥാന സെക്രട്ടേറിയറ്റിന്റെ അംഗീകാരം ലഭിച്ച ശേഷമേ നടപ്പിലാക്കൂ.