സർവീസ് റോഡുകളെ ഗൗനിക്കുന്നില്ല, യാത്രക്കാർ വലയുന്നു
കൊല്ലം: ദേശീയപാത വികസനം പുരോഗമിക്കവേ, വീതി കൂടിയ ഭാഗങ്ങളിൽ ആറുവരിപ്പാതയിലൂടെ കെ.എസ്.ആർ.ടി.സി ബസുകൾ കുതിക്കുമ്പോൾ സർവീസ് റോഡിൽ കാത്തുനിൽക്കുന്ന യാത്രക്കാർ പെരുവഴിയിലാവുന്നു. ഫാസ്റ്റ് പാസഞ്ചർ, സൂപ്പർ ഫാസ്റ്റ് ബസുകൾ സ്റ്റോപ്പുകളിൽ നിറുത്തുന്നതിന് പകരം ആറുവരിപ്പാതയിൽ തോന്നുന്നിടത്ത് യാത്രക്കാരെ ഇറക്കിവിടുകയാണ്. രാത്രികാലങ്ങളിൽ സർവീസ് റോഡിലെ സ്റ്റോപ്പുകളിൽ മണിക്കൂറുകളോളം കാത്തു നിൽക്കേണ്ട അവസ്ഥയായി.
നിർമ്മാണം ഏറെ മുന്നോട്ടു നീങ്ങിയ കാവനാട്- കടമ്പാട്ടുകോണം ഭാഗത്താണ് യാത്രക്കാർ കൂടുതൽ ബുദ്ധിമുട്ടുന്നത്. കൊല്ലത്ത് നിന്ന് വരുന്ന വരുന്ന ഫാസ്റ്റ് പാസഞ്ചർ, സൂപ്പർ ഫാസ്റ്റ് ബസുകൾ മേവറത്തിനടുത്തെത്തുമ്പോൾ ആറുവരിപ്പാതയിൽ പ്രവേശിക്കും. ഉമയനല്ലൂരിൽ ഇറങ്ങേണ്ട വരെ 500 മീറ്ററിലേറെ മുൻപുള്ള മേവറത്തെ എൻട്രി പോയിന്റിലാണ് ഇറക്കുന്നത്. ഉമയനല്ലൂർ ജംഗ്ഷനിൽ സർവീസ് റോഡിലുള്ള ബസ് സ്റ്റോപ്പിലേക്ക് തിരുവനന്തപുരം ഭാഗത്തേക്കുള്ള ഭൂരിഭാഗം ഫാസ്റ്റ് പാസഞ്ചർ, സൂപ്പർ ഫാസ്റ്റ് ബസുകളും എത്തുന്നില്ല. ഇവ ഉമയനല്ലൂർ ജംഗ്ഷനിലെ അടിപ്പാതയ്ക്ക് മുകളിലൂടെ കടന്നുപോകുകയാണ്. ശീമാട്ടി, കല്ലുവാതുക്കൽ ജംഗ്ഷനുകളിലും തിരുവനന്തപുരം ഭാഗത്തേക്കുള്ള യാത്രക്കാർ സമാനമായ പ്രശ്നം നേരിടുന്നുണ്ട്.
ഒരു വിഭാഗം ഓർഡനറി ബസ് ഡ്രൈവർമാരും സുഗമമായ ഡ്രൈവിംഗിന് ആറുവരിപ്പാതയെ ആശ്രയിക്കുന്നതിനാൽ ചെറിയ ജംഗ്ഷനുകളിലും യാത്രാ പ്രതിസന്ധിയുണ്ട്. ആറുവരിപ്പാതയെയും സർവീസ് റോഡിനേയും വേർതിരിക്കുന്ന ടോ വാളുകൾ 90 ശതമാനം സ്ഥലത്തും പൂർത്തിയായി. അതിനാൽ ബസ് കാത്തുനിൽക്കാൻ കിലോമീറ്ററുകളോളം നടന്ന് ടോ വാളില്ലാത്ത സ്ഥലത്ത് എത്തേണ്ട അവസ്ഥയാണ്. ഇവിടങ്ങളിൽ ഇറങ്ങുന്നവർ ജംഗ്ഷനിലേക്ക് പോകാനും കിലോമീറ്ററുകൾ നടക്കണം.
നിയന്ത്രിക്കാതെ അധികൃതർ
ദേശീയപാത വികസനം 75 ശതമാനത്തോളം പൂർത്തിയായിട്ടും സഞ്ചരിക്കേണ്ട പാത സംബന്ധിച്ച് കെ.എസ്.ആർ.ടി.സി അധികൃതർ ജീവനക്കാർക്ക് കൃത്യമായ നിർദ്ദേശം നൽകിയിട്ടില്ല. പ്രധാന ജംഗ്ഷനുകളിലെല്ലാം അടിപ്പാത ഉള്ളതിനാൽ ഫാസ്റ്റ് പാസഞ്ചർ, സൂപ്പർ ഫാസ്റ്റ് ബസുകൾ പൂർണമായും സർവീസ് റോഡ് വഴി തന്നെ സഞ്ചരിക്കേണ്ടതാണ്. അല്ലെങ്കിൽ യാത്രക്കാർക്ക് ജംഗ്ഷനുകളിൽ നിന്ന് ബസിൽ കയറാനും ഇറങ്ങാനും കഴിയില്ല. അതിനാൽ ബസുകൾക്ക് പല ജംഗ്ഷനുകളിലും അനുവദിച്ചിട്ടുള്ള സ്റ്റോപ്പുകൾ നഷ്ടമാകും.
കൊല്ലത്ത് നിന്നു വരുന്ന കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ ബസുകൾ കല്ലുവാതുക്കലിന് മുൻപ് പാറയിൽ ഭാഗത്ത് വച്ച് ആറുവരിപ്പാതയിൽ കയറി ജംഗ്ഷന് മുകളിലൂടെയാണ് കടന്നുപോകുന്നത്. കല്ലുവാതുക്കൽ ജംഗ്ഷനിലെ ബസ് സ്റ്റോപ്പിൽ കാത്തുനിൽക്കുന്ന യാത്രക്കാർ വിഡ്ഢികളായി മാറുന്നു. കല്ലുവാതുക്കലിൽ ഇറങ്ങേണ്ടവരെ പാറയിൽ ഭാഗത്ത് ഇറക്കിവിടുകയാണ്
തുളസീധരൻ, കല്ലുവാതുക്കൽ