ക്ലാപ്പന: നാടക രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പ്രഥമ കെ.ടി.മുഹമ്മദ് സ്മാരക അവാർഡിന് ചെറുന്നിയൂർ ജയപ്രസാദും മികച്ച നവാഗത നാടക രചയിതാവിനുള്ള സി.ആർ. മനോജ് പുരസ്‌കാരത്തിന് ശ്രീകുമാർ മാരാത്തും അർഹരായി. ക്ലാപ്പന പ്രിയദർശിനി കലാസാംസ്‌കാരിക വേദി ആൻഡ് ഗ്രന്ഥശാലയാണ് പുരസ്കാരങ്ങൾ ഏർപ്പെടുത്തിയത്. 11,111 രൂപയും പ്രശസ്തിപത്രവുമാണ് അവാർഡ്. 1970 മുതൽ 55 വർഷമായി നാടക രചനയും സംവിധാനവും നിർവഹിച്ച വ്യക്തിയാണ് ചെറുന്നിയൂർ ജയപ്രസാദ്. 75-ഓളം നാടകങ്ങൾ രചിച്ചിട്ടുണ്ട്. നാല് തവണ സംസ്ഥാന അവാർഡ്, കേരള സംഗീത നാടക അക്കാഡമി അവാർഡ് എന്നിവ ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്.
2009-ൽ അങ്കമാലി അക്ഷയയ്ക്ക് വേണ്ടി ‘പറയാൻ ഏറെ പ്രിയപ്പെട്ടത്’ എന്ന പ്രൊഫഷണൽ നാടകം എഴുതിക്കൊണ്ടാണ് ശ്രീകുമാർ മാരാത്ത് നാടക രചനയിലേക്ക് കടന്നുവന്നത്. നവാഗത നാടക രചയിതാക്കളിൽ ശ്രദ്ധേയനാണ് ഇദ്ദേഹം.
പയ്യന്നൂർ മുരളി, ഡോ. അനിൽ മുഹമ്മദ്, ഡോ.പി.പത്മകുമാർ, പ്രൊഫ.പി.രാധാകൃഷ്ണക്കുറുപ്പ്, സജീവ് മാമ്പറ എന്നിവരടങ്ങിയ ജൂറി പാനലാണ് ജേതാക്കളെ തിരഞ്ഞെടുത്തത്. പുരസ്കാരങ്ങൾ 15ന് പ്രിയദർശിനി നാടക രാവിന്റെ സമാപന സമ്മേളനത്തിൽ സി.ആർ.മഹേഷ് എം.എൽ.എ സമ്മാനിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.