കൊല്ലം: കർബല ജംഗ്ഷനെയും ആഞ്ഞിലിമൂട് റോഡിനെയും ബന്ധിപ്പിക്കുന്ന റെയിൽവെ ഫുട് ഓവർ ബ്രിഡ്ജ് (നടപ്പാലം) തുറക്കാൻ ഇനിയും കാത്തിരിക്കണം രണ്ട് മാസം. ജൂലായ് 15ന് മുൻപ് നവീകരണം പൂർത്തിയാക്കി കൈമാറണമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ 25 കെ.വി ലൈൻ കടന്നുപോകുന്ന പാതയായതിനാൽ നിർമ്മാണ പ്രവർത്തനങ്ങൾ നീളുകയായിരുന്നു. രാത്രി കുറഞ്ഞത് രണ്ട് മണിക്കൂറെങ്കിലും ട്രെയിനുകൾ ഇല്ലാത്ത സമയം മാത്രം വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷമാണ് നിർമ്മാണം നടക്കുന്നത്.
നിരന്തരം ട്രെയിനുകൾ കടന്നുപോകുന്ന പാതയാണിത്. രണ്ട് വശങ്ങളിലെയും കാസ്റ്റ് അയൺ പോളുകൾ പൂർണമായും സ്ഥാപിച്ചു. രണ്ട് വശങ്ങളിലെയും റെയിൽവേ ലൈനുകൾക്ക് മുകളിൽ കാസ്റ്റ് അയൺ ബീമുകളും ഘടിപ്പിച്ചു. മദ്ധ്യഭാഗത്തെ ലൈനിന് മുകളിലുള്ള ബീം സ്ഥാപിക്കലാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ബീമുകൾക്ക് മുകളിൽ 800 ഗേജിന്റെ ഡക്ലിംഗ് അലുമിനിയം ഷീറ്റ് പാകണം. അതിന് മുകളിൽ കോൺക്രീറ്റിംഗ് പൂർത്തിയായാൽ എഫ്.ഒ.ബി തുറക്കാനാവും. കർബല ഫുട് ഓവർ ബ്രിഡ്ജ് അടക്കം തിരുവനന്തപുരം റെയിൽവേ ഡിവിഷനിലെ 4 എഫ്.ഒ.ബികളുടെ ബലക്ഷയം പരിഹരിക്കാനുള്ള നവീകരണ പ്രവൃത്തി 2.44 കോടി രൂപയ്ക്ക് തമിഴ്നാട് ആസ്ഥാനമായുള്ള ഏജൻസിയാണ് കരാർ എടുത്തിരിക്കുന്നത്.
അടച്ചത് 2023ൽ
എഫ്.ഒ.ബിക്ക് സമീപത്തെ സ്ഥലത്തിന്റെ ഉടമസ്ഥതയെ ചൊല്ലി കോർപ്പറേഷനുമായി തർക്കം നിലനിൽക്കുന്നതിനിടയിൽ 2023 ജൂലായ് ആദ്യമാണ് നവീകരണ പ്രവൃത്തികൾക്കായി റെയിൽവേ കർബല എഫ്.ഒ.ബി അടച്ചത്. തർക്കം നീണ്ടതോടെ നവീകരണത്തിനുള്ള ടെണ്ടർ നടപടികളും റെയിൽവേ വൈകിപ്പിച്ചു. ഏഴ് മാസം മുൻപാണ് ടെണ്ടർ ക്ഷണിച്ചത്. മേയിൽ കരാറായി.
കൊല്ലം തിരുമംഗലം പാതയിലേക്കുള്ള നടപ്പാലം
ആശ്രയിച്ചിരുന്നത് നൂറുകണക്കിന് വിദ്യാർത്ഥികൾ
പ്രദേശവാസികൾക്കും വലിയ ആശ്വാസം
എഫ്.ഒ.ബി അടച്ചതോടെ നടന്ന് തളർന്ന് വിദ്യാർത്ഥികൾ
ശങ്കേഴ്സ് ജംഗ്ഷനിലെത്താൻ വട്ടം ചുറ്റണം
ലൈറ്റുകൾ സ്ഥാപിക്കണമെന്നും ആവശ്യം
രാത്രിസമയങ്ങളിൽ മാത്രമാണ് നിർമ്മാണം നടക്കുന്നത്. മദ്ധ്യഭാഗത്തെ ലൈനിന് മുകളിലുള്ള ബീമാണ് ഇപ്പോൾ ഘടിപ്പിക്കുന്നത്
കരാർ കമ്പനി അധികൃതർ