പുനലൂർ: ചെങ്കോട്ട - പുനലൂർ - കൊല്ലം റെയിൽ പാതയിൽ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം യാത്രക്കാരെ ദുരിതത്തിലാക്കുന്നു. ഈ പാതയിലെ റെയിൽവേ സ്റ്റേഷനുകളിലെ പ്ലാറ്റ്‌ഫോമുകളുടെ നീളം വർദ്ധിപ്പിക്കാത്തതാണ് പ്രധാന പ്രശ്നം. ആർ.ഡി.എസ്.ഒ പരീക്ഷണ ഓട്ടം പൂർത്തിയാക്കി 24 ഐ.സി.എഫ് അഥവാ 22 എൽ.എച്ച്.ബി. കോച്ചുകൾക്ക് ഈ പാതയിൽ ഓടാനുള്ള അനുമതി ലഭിച്ചിട്ട് ഒരു വർഷം കഴിഞ്ഞു. എന്നാൽ, പുനലൂർ, ഭഗവതിപുരം റെയിൽവേ സ്റ്റേഷനുകൾ ഒഴികെ ബാക്കിയെല്ലാ സ്റ്റേഷനുകളിലും പ്ലാറ്റ്‌ഫോമുകളുടെ നീളം വർദ്ധിപ്പിക്കാനുള്ള നടപടികൾ ഇഴയുകയാണ്. എം.പിമാർ ഇക്കാര്യം നിരന്തരം ആവശ്യപ്പെടുമ്പോഴും പ്ലാറ്റ്ഫോം നീളം വർദ്ധിപ്പിക്കാനുള്ള ശുപാർശ ചെയ്തിട്ടുണ്ട് ഉടൻതന്നെ ടെണ്ടർ വിളിക്കും എന്നാണ് കഴിഞ്ഞ ഒരു വർഷമായി മധുര ഡിവിഷനിലെ ഉദ്യോഗസ്ഥരുടെ മറുപടി.
എഴുകോൺ, ആര്യങ്കാവ് സ്റ്റേഷനുകളിൽ മാത്രമാണ് ഇതുവരെ ടെണ്ടർ വിളിച്ചിട്ടുള്ളതെങ്കിലും ജോലികൾ ആരംഭിച്ചിട്ടില്ല.
മധുര ഡിവിഷന്റെ അനാസ്ഥ
ശബരിമല യാത്രക്കാരും വലയുന്നു
ശബരിമല ക്ഷേത്രവുമായി ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷനാണ് പുനലൂർ. ശബരിമല തീർത്ഥാടന സമയത്ത് നിരവധി അയ്യപ്പഭക്തർ ഇവിടെ ഇറങ്ങി കെ.എസ്.ആർ.ടി.സി. ബസുകളിൽ പമ്പയിലേക്കും എരുമേലിയിലേക്കും പോകാറുണ്ട്. ശബരിമലയുമായി ബന്ധപ്പെട്ട മറ്റ് ക്ഷേത്രങ്ങളായ കുളത്തൂപ്പുഴ, ആര്യങ്കാവ്, അച്ചൻകോവിൽ എന്നിവയും ഈ പാതയ്ക്ക് സമീപത്താണ്. ശബരിമല സ്പെഷ്യൽ സർവീസുകൾ ഈ പാതയിൽ ആരംഭിക്കണമെങ്കിൽ പ്ലാറ്റ്‌ഫോം നീളം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമാണ്. അതിനാൽ കൊല്ലം, മാവേലിക്കര എം.പി.മാർ ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നാണ് യാത്രക്കാരുടെ ആവശ്യം.