പരവൂർ: പരവൂർ ഒല്ലാൽ റെയിൽവെ ലെവൽ ക്രോസിൽ മേൽപ്പാലം നിർമ്മാണത്തിനുള്ള പുതുക്കിയ അലൈൻമെന്റിന് റെയിൽവെ അംഗീകാരം ലഭിച്ചതായി ജി.എസ്. ജയലാൽ എം.എൽ.എ പറഞ്ഞു.

പാലത്തിന്റെ അലൈൻമെന്റിൽ പല തവണ റയിൽവെ തിരുത്തലുകൾ വരുത്തിയിരുന്നു. തുടർന്ന് റയിൽവെ നിർദേശിച്ച പ്രകാരം നൂതനമായ സൗകര്യങ്ങളും സവിശേഷതകളും ഉൾപ്പെടുത്തിയാണ് പുതിയ അലൈൻമെന്റ് ആർ.ബി.ഡി.സി.കെ തയ്യാറാക്കി സമർപ്പിച്ചത്. ഇതിനാണ് അംഗീകാരം ലഭിച്ചത്. ഇതോടെ സ്ഥലമേറ്റെടുപ്പ് നടപടികൾ ആരംഭിക്കാൻ കഴിയും. സ്ഥലമേറ്റെടുക്കൽ രൂപരേഖ തയ്യാറാക്കുന്നതിന് ക്വട്ടേഷനുകൾ ക്ഷണിച്ചിട്ടുണ്ട്. ഈ ആഴ്ചതന്നെ ക്വട്ടേഷൻ നടപടികൾ പൂർത്തിയാക്കി മുപ്പത് ദിവസത്തിനകം സ്ഥലമേറ്റെടുപ്പ് രൂപരേഖ തയ്യാറാക്കും. അതു കഴിഞ്ഞ് കളക്ടർക്ക് മേൽപാലം നിർമ്മാണത്തിനായുള്ള സ്ഥലമേറ്റെടുക്കുന്നതിന് അർഹതാപത്രം നൽകും. തുടർന്നാണ് സ്ഥലമേറ്റെടുക്കൽ നടപടികൾ ആരംഭിക്കുന്നത്.

കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ ബഡ്ജറ്റിലുൾപ്പെടുത്തി മേൽപാലത്തിന് കിഫ്ബി വഴി 36.75 കോടി അനുവദിച്ചിരുന്നു. റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷൻ ഒഫ് കേരള ലിമിറ്റഡിനാണ് നിർവഹണ ചുമതല. നിർവഹണ ഏജൻസിയായ ആർ.ബി.ഡി.സി.കെ വിശദമായ ഡി.പി.ആർ തയ്യാറാക്കി സമർപ്പിച്ചെങ്കിലും ഒല്ലാൽ മേൽപ്പാലം നിർമ്മാണം റെയിൽവേ അവരുടെ വർക്ക് പ്ലാനിൽ ഉൾപ്പെടുത്താത്തതിനാൽ തുടർ പ്രവർത്തനങ്ങൾ തടസപ്പെടുകയായിരുന്നു.

സഭയിൽ സബ്മിഷൻ

നിയമസഭയിൽ സബ്മിഷനടക്കം അവതരിപ്പിച്ചതിനെ തുട‌ർന്ന് പൊതുമരാമത്ത് വകുപ്പ് ഇടപെടുകയും മേൽപ്പാലം നിർമ്മാണം റെയിൽവേയുടെ വർക്പ്ലാനിൽ ഉൾപ്പെടുത്തുന്നതിനുള്ള ഔദ്യോഗിക നടപടികൾക്കായി പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയെയും ആർ.ബി.ഡി.സി.കെ എം.ഡിയെയും ചുമതലപ്പെടുത്തുകയുമായിരുന്നു മേൽപാലത്തിനാവശ്യമായ സ്ഥലമേറ്റെടുക്കൽ നടപടി പൂർത്തിയായാൽ പാലം പണി ആരംഭിക്കാൻ കഴിയുമെന്ന് എം.എൽ.എ അറിയിച്ചു.